അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യുകെയില്‍ എട്ടു റീജിയനുകളിലായി നടത്തപ്പെടുന്ന തിരുവചന ശുശ്രൂഷകളില്‍ ലണ്ടന്‍ റീജണല്‍ കണ്‍വന്‍ഷന്റെ വേദി പ്രഖ്യാപിക്കപ്പെട്ടു. ഹെണ്ടനിലുള്ള ‘അല്ലിന്‍സ് പാര്‍ക്ക്’ ഓഡിറ്റോറിയങ്ങള്‍ ഇദം പ്രഥമമായി തിരുവചനങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ ലണ്ടനിലുള്ള മൂന്നു ചാപ്ലിന്‍സികളിലെ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തുന്ന ആയിരങ്ങള്‍ക്ക് അത് അഭിഷേക വേദിയാകും. പരിശുദ്ധ അമ്മയും ശിഷ്യന്മാരും ധ്യാനിച്ചു കൊണ്ടിരിക്കെ തീനാക്കളുടെ രൂപത്തില്‍ പരിശുദ്ധാത്മാഭിഷേകം ലഭിച്ച ‘സെഹിയോന്‍ ഊട്ടുശാല’യായി ‘അല്ലിന്‍സ് പാര്‍ക്ക്’ മാറും.

അഭിഷേകാഗ്നി കണ്‍വെന്‍ഷനായി മൂന്നു ഓഡിറ്റോറിയങ്ങളിലായി അയ്യായിരത്തോളം പേര്‍ക്കുതകുന്ന വിശാലമായ ഇരിപ്പിട സൗകര്യവും അവര്‍ക്ക് സുഗമമായി തിരുവചന ശുശ്രൂഷയില്‍ പങ്കു ചേരുന്നതിനായി നൂതന മള്‍ട്ടിമീഡിയാ സംവിധാനങ്ങളും അഭിഷേകാഗ്നി വേദിയില്‍ ഉണ്ട്.

എണ്ണൂറോളം കാറുകള്‍ക്കും, അമ്പതോളം കോച്ചുകള്‍ക്കും പര്യാപ്തമായ വിസ്തൃത പാര്‍ക്കിങ് സൗകര്യങ്ങളുള്ള തിരുവചന വേദിയോടനുബന്ധിച്ച് റഗ്ബി സ്റ്റേഡിയം, അത്‌ലറ്റിക് വേദി, ഭക്ഷണ കേന്ദ്രങ്ങള്‍ എന്തിനേറെ പത്തോളം വിവിധങ്ങളായ പരിപാടികള്‍ ഒരുമിച്ചു നടത്തുവാന്‍ ഉതകുന്ന വിപുലമായ സൗകര്യങ്ങള്‍ ഉള്ള അല്ലിന്‍സ് പാര്‍ക്ക് ലണ്ടനിലെ പ്രസിദ്ധമായ ഒരു ഫംഗ്ഷനിങ് വെന്യു ആണ്.

ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആപ്തവാക്യം മുറുകെ പിടിച്ച് രൂപതയുടെ ആത്മീയ വളര്‍ച്ചക്കും ആദ്ധ്യാത്മിക നവോത്ഥാനത്തിനും വേണ്ടി യുകെയിലുടനീളം ദൈവീക ശുശ്രുഷയും, പ്രഘോഷണവുമായി സഞ്ചരിക്കുകയും, സന്ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ അതിനുള്ള ആത്മീയ പോഷണം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് അഭിഷേകാഗ്നി ധ്യാനങ്ങള്‍ ഏവര്‍ക്കും സൗകര്യപ്രദമായി സംഘടിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടറും കാലഘട്ടത്തിലെ പരിശുദ്ധാത്മ ശുശ്രൂഷകള്‍ക്ക് വരദാനം ലഭിച്ച അനുഗ്രഹീത വചന പ്രഘോഷകരിലൊരാളുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ് യുകെ യില്‍ അഭിഷേകാഗ്നി ധ്യാനം നയിക്കുക.

അഭിഷേകാഗ്നി റീജിയണല്‍ കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ വലിയ വിജയം കാണുന്നതിനും, അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ആത്മീയമായ ഒരുക്കങ്ങളും, ധ്യാനാര്‍ത്ഥികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ തയ്യാറാക്കലുമായി വോളണ്ടിയര്‍ കമ്മിറ്റി സദാ പ്രവര്‍ത്തന ക്ഷമമാണ്.

ജീവന്‍ തുടിക്കുന്ന തിരുവചനങ്ങള്‍ ആത്മീയ-മാനസിക നവീകരണത്തിനും, നന്മയുടെ പാതയില്‍ നയിക്കപ്പെടുന്നതിനും തിന്മകളെ തോല്‍പ്പിക്കുന്നതിനും ആത്മാവിന്റെ കൃപാ ശക്തി പ്രാപ്യമാകുവാന്‍ അനുഗ്രഹീത ശുശ്രുഷയായ ‘അഭിഷേകാഗ്നി 2017’ കണ്‍വെന്‍ഷനിലേക്ക് ഏവരെയും സ്നേഹ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടന്‍ റീജിയണല്‍ ധ്യാന സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ലണ്ടന്‍ കണ്‍വെന്‍ഷന്റെ ഭാഗമായി തയ്യാറാക്കിയ ഫ്ളയറിന്റെ പ്രകാശനവും നടത്തപ്പെടുകയുണ്ടായി. ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 6:00 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

അല്ലിന്‍സ് പാര്‍ക്ക്, ഗ്രീന്‍ലാന്‍ഡ്‌സ് ലെയിന്‍
ഹെണ്ടണ്‍,ലണ്ടണ്‍ എന്‍ ഡബ്ല്യൂ 4 1ആര്‍ എല്‍