ജെഗി ജോസഫ്
ആ പവിത്രമായ നിമിഷത്തിനായുള്ള അരങ്ങൊരുങ്ങി. ഇനി സംഗീതത്തിന്റെ ഈണങ്ങളില്‍ കോര്‍ത്ത ദൈവസ്നേഹത്തിന്റെ സവിശേഷമായ ഗീതങ്ങള്‍ സദസ്യരുടെ ഹൃദയങ്ങളിലേക്ക് ഒഴുകിച്ചേരാനുള്ള സമയമാണ്. മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സെഹിയോന്‍ യുകെ എഴുതിച്ചേര്‍ക്കുന്നത് പുതിയൊരു ചരിത്രമാണ്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഇംഗ്ലീഷിലുള്ള മ്യൂസിക് കണ്‍സേര്‍ട്ട് എന്ന സവിശേഷമായ പദവി നേടിക്കൊണ്ട് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ജനുവരി 6ന് വെസ്റ്റ് ബ്രോംവിച്ചില്‍ അരങ്ങേറും.
യുകെയില്‍ സുവിശേഷവത്കരണ പാതയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സെഹിയോന്‍ യുകെയുടെ പുതിയ ദൗത്യമാണ് പുതുവര്‍ഷപ്പുലരിയില്‍ സാക്ഷാത്കരിക്കപ്പെടുന്നത്. ദൈവ സന്നിധിയിലേക്ക് പുതുതലമുറയ്ക്ക് സംഗീതവിരുന്നിലൂടെ യാത്ര ചെയ്യാന്‍ അവസരം നല്‍കി സെഹിയോന്‍ യുകെ യൂത്ത്സ് & ടീന്‍സിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടാണ് ജനുവരി 6ന് അരങ്ങേറുന്നത്. വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 12 മുതല്‍ 5 വരെയാണ് ‘എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്’ സംഘടിപ്പിക്കുന്നത്. ആത്മീയശുദ്ധി വരുത്താന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് കിട്ടിയ അനുഗ്രഹമാണ് ഈ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.
സംഗീതത്തോടൊപ്പം ഡ്രാമയും, സ്‌കെച്ചിംഗും ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും. പുതിയ തലമുറയില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയ്ക്കാനും ഇനിയുള്ള ഇവാഞ്ചലൈസേഷനുകള്‍ മുന്നോട്ട് നയിക്കാനും അത്യന്താപേക്ഷിതമാണ് ഇവന്റ്. അതുകൊണ്ട് തന്നെ എല്ലാ മാതാപിതാക്കളും കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കേണ്ടത് പരമപ്രധാനമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ ദൈവീകതയുടെ സ്പര്‍ശം ഏറ്റുവാങ്ങാനും സ്വജീവിതത്തില്‍ പകര്‍ത്താനും വഴിയൊരുക്കുന്നതാണ് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.

ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സുസജ്ജമായ തയ്യാറെടുപ്പുകളാണ് മ്യൂസിക്കല്‍ ഇവന്റിനായി നടത്തിയിരിക്കുന്നത്. മികവേറിയ സീറ്റും, സ്റ്റേജും മറ്റ് അനുബന്ധസൗകര്യങ്ങളുമാണ് സെഹിയോന്‍ യുകെ ഒരുക്കുന്നത്. അഞ്ച് പൗണ്ടാണ് ടിക്കറ്റ് ചാര്‍ജ്ജ്. നോണ്‍പ്രോഫിറ്റബിള്‍ ഇവന്റായതിനാല്‍ പരിപാടിയുടെ വിജയത്തിനും നടത്തിപ്പിനുമായി മാത്രമാണ് ഈ തുക വിനിയോഗിക്കുക. സ്നാക്ക് പാര്‍ലറുകളും സെന്ററില്‍ തയ്യാറായിരിക്കും. ചടങ്ങിലേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ യാത്രാസൗകര്യങ്ങളും ഒരുക്കും.
യുകെയിലെ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ എല്ലാ ബിഷപ്പുമാരേയും, വൈദികരേയും ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. മലയാളികളില്‍ നിന്ന് മാത്രമല്ല ഫിലിപ്പീന്‍സ്, ഇംഗ്ലീഷ് സമൂഹത്തിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഇവാഞ്ചലൈസേഷന്റെ നേതൃത്വം യുവജനങ്ങളിലേക്ക് കൈമാറുന്ന പുത്തന്‍ രീതിയുമാണ് സെഹിയോന്‍ യുകെ എത്തുന്നത്. കൂടുതല്‍ പേരെ ക്ഷണിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഓരോ സ്ഥലത്തും സുസജ്ജമായ ടീം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ടിക്കറ്റ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായും, നേരിട്ടും വാങ്ങാന്‍ അവസരമുണ്ട്. കൂടാതെ ദൈവീകമായ ഒരു ചടങ്ങായതിനാല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ സന്നദ്ധരായ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പുതുതലമുറയുടെ ദൈവീകശ്രോതസ്സായി മാറാന്‍, അതിനുള്ള ഊര്‍ജ്ജം പകരാന്‍ സാധിക്കുന്ന ചടങ്ങാക്കി എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിനെ മാറ്റിയെടുക്കാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
യുകെയിലേയും, അമേരിക്കയിലേയും മാധ്യമങ്ങള്‍ പ്രൗഢഗംഭീരമായ ഈ ചടങ്ങ് പകര്‍ത്താന്‍ രംഗത്തുണ്ടാകും. ചരിത്രത്തിലേക്ക് ചുവടുവെയ്ക്കുന്ന എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ദൈവീകതയെ മനസ്സുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്ന കാര്യത്തില്‍ അഭിമാനിക്കാം.
Date: 06 ജനുവരി 2018. Time: 12 pm 5 pm . Venue: ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മ്മിങ്ഹാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .
ക്ലെമെന്‍സ് നീലങ്കാവില്‍ :07949499454
	
		

      
      



              
              
              




            
Leave a Reply