വിവാഹം കഴിക്കാനായി പരോള്‍ അപേക്ഷ നല്‍കിയ അധോലോക നായകന്‍ അബു സലിമിന് തിരിച്ചടി. മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ ഇയ്യാള്‍ വിവാഹം കഴിക്കാനായി 45 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ അപേക്ഷ തള്ളകയായിരുന്നു മുംബൈ പൊലീസ്.
സയദ് ബഹര്‍ കൗസര്‍ എന്ന യുവതിയുമായി മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു അബു സലിമിന്റെ പദ്ധതി. വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷ നവി മുംബൈ കമ്മീഷണര്‍ തള്ളുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അബു സലിം മുംബൈയിലെ തലോജ ജയിലിലാണു കഴിയുന്നത്. സലിമിന്റെ പരോള്‍ അപേക്ഷ നിരസിച്ച വിവരം തലോജ ജയില്‍ സൂപ്രണ്ടന്റ് സ്ഥിരീകരിച്ചു.
2014ല്‍ അബു സലിമിനൊപ്പം മുംബൈയില്‍നിന്നു ലക്‌നോവിലേക്കു യാത്ര ചെയ്തതോടെ സയദ് ബഹര്‍ കൗസറും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതോടെ തന്റെ പേര് നശിപ്പിക്കപ്പെട്ടെന്നും സലിമുമായി വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും ബഹര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
250 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനങ്ങള്‍ക്കുശേഷം ഇയാള്‍ നടിയും കാമുകിയുമായ മോനിക്ക ബേദിക്കൊപ്പം ഇന്ത്യ വിട്ടിരുന്നു. പോര്‍ച്ചുഗലില്‍ സങ്കേതം കണ്ടെത്തിയ ഇരുവരും 2002ല്‍ പോര്‍ച്ചുഗല്‍ പോലീസിന്റെ പിടിയിലാകുന്നതുവരെ ലിസ്ബണിലാണു താമസിച്ചിരുന്നത്. 2003ല്‍ ഒരു പോര്‍ച്ചുഗല്‍ കോടതി അബു സലീമിന് നാലര വര്‍ഷവും ബേദിയ്ക്കു രണ്ടു വര്‍ഷവും തടവുശിക്ഷ വിധിച്ചു. പോര്‍ച്ചുഗലാണ് ഇലുവരേയും ഇന്ത്യക്ക് കൈമാറിയത്.
Leave a Reply