കൂട്ടുകാരന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയതിന്റെ ദുഃഖത്തിൽ മോഹനൻനായരുടെ മകൻ പ്രമോദിന്റെ കൂട്ടുകാർ. അനിൽകുമാർ ചെമ്പകപ്പിൽ, ശരത്ത് ശ്യംനിവാസ്, ശ്യാം ശ്യാംനിവാസ്, റജി ഐക്കുന്നം, സുജി വള്ളിത്തറ എന്നിവരുടെ ജീവൻ പണയം വച്ചുള്ള ശ്രമമാണു ഫലം കാണാതെ പോയത്. അപകടത്തെ കുറിച്ച് ഇവർ പറയുന്നതിങ്ങനെ: ശ്വാസ തടസ്സത്തെ തുടർന്നു മോഹനൻ നായരെ ചമ്പക്കുളം ആശുപത്രിയിൽ വൈകിട്ട് 4 ന് എത്തിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് വരുത്തി മോഹൻ നായരെ സ്ട്രെച്ചറിൽ കിടത്തി.
ഭാര്യ സരളമ്മയേയും ഒപ്പം ഇരുത്തി. മോഹനൻ നായരെ ആംബുലൻസിൽ കിടത്തിയ ഉടനെ വാഹനത്തിന്റെ ഡ്രൈവർ സീറ്റിനു പിറകിലിരുന്ന സിലിണ്ടറിൽ നിന്നു തീപടരുകയായിരുന്നു.108 ലെ നഴ്സായ സെയ്ഫുദീന്റെ സഹായത്തോടെ മോഹനൻ നായരെ വലിച്ചു പുറത്തേക്കിടാൻ ശ്രമിച്ചെങ്കിലും ആദ്യം സ്ട്രെച്ചർ ഉടക്കിനിന്നു. ഇൗസമയം കൊണ്ടു തലഭാഗത്തു തീപിടിച്ചു. ഇതിനിടെ നഴ്സിന്റെ കയ്യിലും തീപിടിച്ചിരുന്നു. 5 സെക്കൻഡിനുള്ളിൽ സ്ട്രെച്ചറുമായി പുറത്തേക്ക് ഓടി. ഇതിനിടയിൽ വൻ ശബ്ദത്തോടെ ആംബുലൻസ് പൊട്ടിത്തെറിച്ചു. അടുത്തു കണ്ട ഓട്ടോയിൽ എടത്വയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു ശ്രമിച്ചത്. ഇതിനിടയിൽ ചമ്പക്കുളത്ത് ആംബുലൻസിനു തീപിടിച്ചതറിഞ്ഞ് എടത്വയിൽ നിന്നു മറ്റൊരു 108 ആംബുലൻസ് വരുന്നതു കണ്ടു തായങ്കരിയിൽ വച്ചു തടഞ്ഞു നിർത്തി അതിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. പക്ഷെ മോഹനൻ നായരെ രക്ഷിക്കാനായില്ല.
ചമ്പക്കുളം ഗവ.ആശുപത്രിക്കു മുന്നിൽ ഇന്നലെ വൈകിട്ട് ഓക്സിജൻ സിലിണ്ടർ പൊട്ടിയുണ്ടായ ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നെടുമുടി നടുഭാഗം കൂലിപ്പുരയ്ക്കൽ ജോസി വർഗീസ് (32) പറഞ്ഞു. അപകടം നേരിൽക്കണ്ടവരിൽ ഒരാളാണു ജോബി. പനി ബാധിച്ച ഭാര്യയെ ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങാൻ ക്യൂവിൽ നിൽക്കുകയായിരുന്നു.
തൊട്ടടുത്ത് ഒരു ആംബുലൻസ് വന്നുനിന്നു. ഒരു രോഗിയെ അകത്തേക്കു കയറ്റിയപ്പോൾ കാതടപ്പിക്കുന്ന ശബ്ദത്തോടെ ആംബുലൻസിൽ നിന്നു തീ പടർന്നു. നാലുപാടും ഓടുന്നവരെയാണു പിന്നെ കണ്ടത്. ആശുപത്രിയുടെ മുൻഭാഗം കത്തിവീണതോടെ കെട്ടിടവും വീഴുമെന്നു ചിലർ വിളിച്ചുപറഞ്ഞു. ഞങ്ങൾ വന്ന ബൈക്ക് കത്തിച്ചാമ്പലായതിനാൽ അത് ഉപേക്ഷിച്ചു. വള്ളത്തിൽക്കയറി ഭാര്യയെ അക്കരെ ഇറക്കിയിട്ടു തിരികെ വരികയായിരുന്നു. ആശുപത്രിക്കു സമീപമുള്ള താമസക്കാർ വീടുകൾ ഉപേക്ഷിച്ചു പാലത്തിൽ കയറി ഓടുന്നതും കണ്ടു–ജോസി പറഞ്ഞു.
ആശുപത്രിയിലുണ്ടായ പതിനഞ്ചോളം രോഗികളും ഡോക്ടറും ജീവനക്കാരും ജീവൻ കയ്യിലെടുത്താണു നാലുപാടും ചിതറിയത്. ചിലർ ജീവനും കൊണ്ടു സമീപത്തുള്ള ആറ്റിലേക്കു ചാടി. കലക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ, ഡിവൈഎസ്പി പി.വി.ബേബി, ഡിഎംഒ സി.മുരളീധരൻപിള്ള, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, തഹസിൽദാർ ആന്റണി സ്കറിയ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം തുടങ്ങിയവർ സ്ഥലത്തെത്തി.
ആംബുലൻസിന്റെ മുൻ ഭാഗത്തു നിന്നുണ്ടായ പുകയാണു സ്ഫോടനത്തിനു കാരണമായതെന്ന് അഗ്നിരക്ഷാസേന അധികൃതർ. പുക ഉയർന്ന ഉടൻ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആംബുലൻസ് ചിതറി തെറിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.സ്ഫോടനം ഉണ്ടായ ഉടൻ സമീപത്തെ കാറിലും ഓട്ടോ ടാക്സിയിലും ഒരു സ്കൂട്ടറിലും ബൈക്കിലും തീ പടർന്നു പിടിച്ചു പൂർണമായും അഗ്നിക്കിരയായി. രണ്ട് ബൈക്കും ഓട്ടോ ടാക്സിയും ഭാഗികമായി കത്തി നശിച്ചു. എസി റോഡിലെ വെള്ളത്തിലൂടെ കടന്നുവന്ന ആംബുലൻസിൽ തീപ്പൊരിക്കു കാരണം ഷോർട് സർക്യൂട്ടാകാം.
ആലപ്പുഴയിൽ നിന്നു സ്റ്റേഷൻ ഓഫിസർ എം.എ.ജോണിച്ചന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയുടെ മൂന്നു യൂണിറ്റ് രണ്ടു മണിക്കൂറോളം പ്രവർത്തിച്ചു. ചങ്ങനാശേരിയിലെ അഗ്നിരക്ഷാ സേനയും എത്തി. ലീഡിങ് ഫയർമാൻമാരായ കെ.പത്‌മകുമാർ, തോമസ് ഡാനിയൽ, ഫയർമാൻമാരായ സതീഷ് കുമാർ, പി.വി.രഞ്ജിത്ത്, കെ.ആർ.രഞ്ജുമോൻ, വി.ഡി.ഉല്ലാസ്, എം.ജെ.അർജുൻ, വി.ആർ.ബിജു, അർജുൻ, ടി.പ്രജിഷ്, വി.ബിനീഷ് കുമാർ, ഡ്രൈവർമാരായ വി.പ്രവീൺ, വി.ആർ. സുനിമോൻ, കെ.സി.ശെൽവരാജ് എന്നിവരാണു രക്ഷാസംഘത്തിലുണ്ടായിരുന്നത്.
ആശുപത്രി പരിസരത്തു പാർക്ക് ചെയ്തിരുന്ന വാഹന ഉടമകൾ പൊട്ടിത്തെറിയിൽ പരിഭ്രാന്തരായി. സൗദിയിൽ നിന്നും അവധിക്കു നാട്ടിലെത്തിയ ചമ്പക്കുളം മുണ്ടകത്തിൽ മെൽസന്റെ കാർ പൊട്ടിത്തെറിയിൽ കത്തിയമർന്നു. കാറിൽ സൗദി ഇക്കാമ്മ, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡുകൾ ഉൾപ്പെടെയുള്ള രേഖകളും കത്തി നശിച്ചു.
Leave a Reply