സംസ്ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവച്ചു. വോളണ്ടിയറായിരുന്ന വിദ്യാർഥിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ചാന്പ്യൻഷിപ്പ് നിർത്തിവച്ചത്. പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്സനാ(16)ണു പരിക്കേറ്റത്. അഫീലിനെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്‍സന്റെ മകനാണ് അഫീൽ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ ഹാമർ ത്രോ മത്സരം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരുവിഭാഗം കായികാധ്യാപകർ സംസ്ഥാന വ്യാപകമായി നിസഹകരണം നടത്തുന്നതിനിടെയാണു പാലായിൽ ജൂണിയർ അത്ലറ്റിക് മീറ്റ് നടക്കുന്നത്. അധ്യാപകരുടെ കുറവിനെത്തുടർന്നു വിദ്യാർഥികളെ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു. ജാവലിൻ മത്സര വോളണ്ടിയറായിരുന്ന അഫീൽ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്കു നീങ്ങവേ മൂന്നു കിലോ തൂക്കമുള്ള ഹാമർ തലയിൽ വന്നു പതിക്കുകയായിരുന്നു.
അടുത്തടുത്താണ് ഇരു മത്സരവും നടന്നിരുന്നത്. മത്സരങ്ങളുടെ അപകടസാധ്യതകൾക്കനുസരിച്ചു ക്രമീകരണം ഏർപ്പെടുത്താത്തതാണ് ദുരന്തത്തിൽ കലാശിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരേ പാലാ പോലീസ് കേസെടുത്തു. കുറ്റകരമായ അനാസ്ഥയും അശ്രദ്ധയുംമൂലം അപകടമുണ്ടായതിന് 338-ാം വകുപ്പ് പ്രകാരമാണ് കേസ്.
Leave a Reply