അമിതവേഗത്തിൽ വന്ന മിനി ടാങ്കർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും തൽക്ഷണം മരിച്ചു. നൂറനാട് ഇടപ്പോൺ പാറ്റൂർ ഇഞ്ചക്കലോടിൽ ഇ.കെ.തോമസ് (ജോയിക്കുട്ടി 57), മകൾ ഡി. ഫാം വിദ്യാർഥിനി ജോസി തോമസ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ പാറ ഇടപ്പോൺ റോഡിൽ പടനിലം ആൽമാവ് മുക്കിലായിരുന്നു അപകടം.
ജോയിക്കുട്ടിയും മകൾ ജോസിയും പടനിലത്തേക്ക് വരുമ്പോൾ ഇടപ്പോൺ ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന മിനി ടാങ്കറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന മൈൽക്കുറ്റിയിൽ തലയിടിച്ചാണ് ജോയിക്കുട്ടി മരിച്ചത്. ഇതേ സ്ഥലത്തുതന്നെ നിലനിന്നിരുന്ന പഴയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തിയിൽ തലയിടിച്ചാണ് ജോസി മരിച്ചത്. 25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി– ബേക്കറി വ്യാപാരം നടത്തിവരികയാണ് ജോയിക്കുട്ടി.
ബിഎസ്‌സി ഫിസിക്സ് ബിരുദം പൂർത്തിയാക്കിയ ജോസി കണ്ണൂർ എംജിഎം കോളജ് ഓഫ് ഫാർമസിയിൽ ഡി.ഫാം വിദ്യാർഥിനിയായി ചേർന്നത് കഴിഞ്ഞദിവസമാണ്. കോളജിലെ ആവശ്യത്തിനായി വരുമാന സർട്ടിഫിക്കറ്റിന് വേണ്ടി പടനിലത്തുള്ള നൂറനാട് വില്ലേജ് ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങൾ അടൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ഡ്രൈവർ പന്തളം കുളനട പ്രവീൺ ഭവനത്തിൽ പ്രവീണിനെ (39) നൂറനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാൽ നൂറ്റാണ്ടു കാലം പാറ്റൂർ ജംക്‌ഷനെ സ്നേഹിച്ച ജോയിക്കുട്ടി അച്ചായൻ ഇനി ഓർമയിൽ. 25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്ന ജോയിക്കുട്ടി മകളുമായി ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് യാത്ര പറഞ്ഞത് പ്രദേശവാസികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാം ഒരു കുടക്കീഴിൽ എന്നു പറയുന്നതുപോലെ ‘അച്ചായന്റെ കട’യിൽ ചെന്നാൽ എല്ലാം വാങ്ങാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു .
ഒരു പെട്ടിഓട്ടോയുമായി പാറ്റൂരിൽ എത്തിയ ജോയിക്കുട്ടി പിന്നീട് ഓട്ടോറിക്ഷ വാങ്ങി. ഇതിനുശേഷമാണ് ചെറിയ രീതിയിൽ സ്റ്റേഷനറി കട തുടങ്ങിയത് . പിന്നീട് ബേക്കറി, പലചരക്ക് സാധനങ്ങൾ അങ്ങനെ എല്ലാം കടയിൽ ലഭിച്ചുതുടങ്ങിയപ്പോൾ പാറ്റൂർ നിവാസികൾക്ക് ജോയിയുടെ കട ‘അച്ചായന്റെ കട’യായി മാറി. ഭാര്യ ശാന്തമ്മയുമായി രാവിലെ കടയിൽ എത്തിയാൽ രാത്രി ഒൻപതു മണിക്കാണ് മടങ്ങിപ്പോകുന്നത്. കൂട്ടായ്മ എന്ന അർഥമുള്ള ഫെലോഷിപ് എന്നാണ് കടയുടെ പേര്.ജോയിക്കുട്ടിയുടെ ഭാര്യ: ശാന്തമ്മ. മകൻ: ജോസൻ തോമസ്.
Leave a Reply