ജോസ് നാ സാബു സെബാസ്റ്റ്യൻ
കൊല്ലത്തെ മകളെ പീഡിപ്പിച്ച ക്രൂരനായ അച്ഛനെക്കുറിച്ചുള്ള വാർത്തകൾ ചൂടുള്ള തലക്കെട്ടുകളോടെ പലേടത്തും വിറ്റഴിക്കപ്പെടുകയാണ് . ചില തലക്കെട്ടുകൾ കാണേണ്ടത് തന്നെയാണ്, രോമാഞ്ചം തോന്നും. വായിക്കാൻ തോന്നും . വായിച്ചാൽ പിന്നെ ആ വായിച്ചതിന്റെ ആലസ്യതയിൽ ചിലർ മുഴുകാൻ തുടങ്ങും. പിന്നെ പലർക്കും പലവിധ ഐഡിയകൾ മനസ്സിൽ രൂപപെടുകയായി, ആഗ്രഹസാഫല്യത്തിനായി വഴി തിരയുകയായി .
വിവരണത്തിൽ വാസ്തവമുണ്ടോ ഇല്ലയോ എന്നറിഞ്ഞുകൂടാ എങ്കിലും ഒരമ്മ സ്വന്തം കൊച്ചിന്റെ അപ്പൻ അവളെ പീഡിപ്പിച്ചുവെന്ന കഥ വളരെ വർണാഭമായി മീഡിയകളിൽ വന്നു വരച്ചുകാട്ടുമ്പോൾ അതിന്റെ ആവശ്യം ഉണ്ടോ എന്ന് നമ്മൾ ഒന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു എന്നോർമപ്പെടുത്താനുള്ള ചെറിയൊരു കുറിപ്പാണിത് .
ഇനി ഒരുപക്ഷെ ആ ‘അമ്മ പറഞ്ഞതിൽ സത്യമുണ്ടെന്ന് കരുതുക …എങ്കിലും നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ നമ്മുടെ കുഞ്ഞിനുണ്ടായ ഒരു ദുരനുഭവം പ്രത്യേകിച്ചു ലൈംഗിക പീഡനങ്ങൾ ഒരു മീഡിയകളിലും വിവരിക്കേണ്ട കാര്യമില്ല എന്നുതന്നെയാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത് .
നമ്മുടെ വീട്ടിലെ കുട്ടിക്കേറ്റ ഒരു ആഘാതം , അത് ആരിൽ നിന്നായിക്കൊള്ളട്ടെ അതൊരമ്മ മാത്രം അറിഞ്ഞാലും മതി . അച്ഛൻ പൊലും അറിയേണ്ട കാര്യമില്ല എന്ന് സാരം . എന്നതിനർത്ഥം പല വഴി മെസ്സേജ് പാസ് ചെയ്യുന്നത് ആ കുട്ടിയുടെ മാനസിക ആഘാതം കൂട്ടുക മാത്രമേ ചെയ്യൂ . അതിനാൽ കുട്ടിയെ സമൂഹത്തിന് മുമ്പിലിട്ടു , ആർത്തിയോടെ കൊത്താൻ നോക്കുന്ന മീഡിയക്കാരുടെ മുമ്പിലിട്ടു വലിച്ചിഴക്കുന്നതിന് മുമ്പ് ഒരമ്മക്ക് /മാതാപിതാക്കൾക്ക് തന്റെ സ്വന്തം കുട്ടിക്കായ് മറ്റു പലതും ചെയ്തു തീർക്കാനുണ്ട് . നോക്കാം …
ഒന്നാമതായി കുട്ടിയെ കരയാൻ അനുവദിക്കുക, അല്ലാതെ ആ സമയത്തു അയ്യോ മോളെ കരയല്ലേ എന്ന് പറയുകയോ , കുട്ടിയോട് ഉച്ചത്തിൽ സംസാരിക്കുകയോ , കൂടുതൽ കാര്യങ്ങളെക്കുറിച്ചു ആരായുകയോ ചെയ്യരുത് . കുട്ടി കരഞ്ഞു തീർക്കാൻ സമയമെടുക്കും, അതിനനുവദിക്കുക .
2021 മാർച്ചിൽ അവസാനിച്ച ചില സർവേകൾ പ്രകാരം മിക്ക ലൈംഗികാതിക്രമങ്ങളും ഇരയ്ക്ക് അറിയാവുന്ന ഒരാളായിരിക്കും നടത്തുന്നത്. ഇത് ഒരു പങ്കാളിയോ മുൻ പങ്കാളിയോ ബന്ധുവോ സുഹൃത്തോ സഹപ്രവർത്തകനോ ആരും ആകാം. ആക്രമണം പലയിടത്തും സംഭവിക്കാമെങ്കിലും സാധാരണയായി ഇരയുടെ വീട്ടിലോ കുറ്റവാളിയുടെ (ആക്രമണം നടത്തുന്ന വ്യക്തി) വീട്ടിലോ ആയിരിക്കും നടക്കാറു പതിവ് .
ഇനി നിങ്ങൾ സഹായത്തിനായി എവിടെ പോകുന്നു എന്നത് നിങ്ങളുടെ പ്രദേശത്ത് ലഭ്യമായതും നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതും എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. വിദഗ്‌ധ വൈദ്യ പരിചരണം, ലൈംഗിക അതിക്രമ പിന്തുണ, ഫോറൻസിക് മെഡിക്കൽ പരിശോധന ഇവയെല്ലാം അതിൽ ഉൾപെടുന്നവയാണ് .
ഇനി ഒരു കാരണവശാൽ ഇതൊന്നും നിങ്ങൾ നടത്താൻ തീരുമാനിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ ആദ്യത്തെ കോൾ ഒരു ലൈംഗിക ആക്രമണ റഫറൽ കേന്ദ്രമോ (Sexual Assault Referral Centres (SARC)), സ്വതന്ത്ര ലൈംഗിക അതിക്രമ ഉപദേശകനോ (Independent Sexual Violence Adviser (ISVA )) ഇനി അതും ഇല്ലെങ്കിൽ ഒരു ജില്ലാ കളക്ടറോ ആയിരിക്കണം. അല്ലാതെ നിങ്ങളുടെ കാര്യങ്ങൾ അയല്പക്കകാരോ ചാനലുകാരോ ഒന്നും അറിയേണ്ട ഒരു ആവശ്യവുമില്ല . അത് കാര്യങ്ങളും നിങ്ങളുടെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുകയെ ചെയ്യുകയുള്ളൂ .
കൂടാതെ നിങ്ങൾക്ക് ആവശ്യമുള്ള പിന്തുണ ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു നല്ല സുഹൃത്ത്, അടുത്തറിയാവുന്ന ഒരു ബന്ധു അല്ലെങ്കിൽ അദ്ധ്യാപകനെ പോലെ നിങ്ങൾ വിശ്വസിക്കുന്ന ആരോടെങ്കിലും നിങ്ങൾ ഇത് പറയുന്നത് നിങ്ങളുടെ മനസിന്റെ വ്യാകുലത കുറയ്ക്കാൻ സഹായകരമാകും .
ചിലപ്പോൾ നിങ്ങൾക്ക് സംഭവിച്ചതിനെക്കുറിച്ചൊക്കെ ഒന്നൂടെ ചിന്തിക്കാൻ സമയം വേണ്ടി വന്നേക്കാം. എന്നിരുന്നാലും, എന്തെങ്കിലും പരിക്കുകൾക്ക് പറ്റിയിട്ടുണ്ടെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടാൻ കാലതാമസം ഉണ്ടാകരുത് . കാരണം സംഭവിച്ച അക്രമത്തിൽ ചിലപ്പോൾ നിങ്ങൾക്ക് ( മുതിർന്ന ഒരാൾ ആണെങ്കിൽ )ഗർഭധാരണമോ അല്ലെങ്കിൽ ( കുട്ടികൾക്ക് / മുതിർന്നവർക്ക് ) ലൈംഗികമായി പകരുന്ന പലവിധ അണുബാധകൾ STD , അതായത് ലൈംഗിക പരമായ പലവിധ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് .
ഇനി നടന്ന കുറ്റകൃത്യം കൂടുതലായി അന്വേഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എത്രയും വേഗമൊരു ഫോറൻസിക് വൈദ്യപരിശോധന നടത്തുന്നതാണ് നല്ലത്. (കേസ് കോടതിയിൽ പോയാൽ ഉപയോഗപ്രദമായ തെളിവുകൾ നൽകാൻ ഇതിന് കഴിയും). അതിനാൽ ലൈംഗികാതിക്രമത്തിന് ശേഷം ഉടനടി നിങ്ങൾ ഇട്ടിരുന്ന വസ്ത്രങ്ങൾ കഴുകുകയോ മാറ്റുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കുക. കാരണം ആക്രമണത്തെക്കുറിച്ച് നിങ്ങൾ പിന്നീട് എപ്പോളെങ്കിലും പോലീസിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ ഇതിലൂടെ പ്രധാനപ്പെട്ട ചില ഫോറൻസിക് തെളിവുകൾ നശിച്ചേക്കാം.
ഫോറൻസിക് വൈദ്യപരിശോധന വേണോ എന്ന് നിങ്ങൾക്ക് ഏത് ഘട്ടത്തിലും തീരുമാനിക്കാം. എന്നിരുന്നാലും, ഇത് എത്രയും വേഗം നടക്കുന്നുവോ അത്രയും കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള സാധ്യത കൂടുതലാണ്. 7 ദിവസത്തിലേറെ മുമ്പാണ് ആക്രമണം നടന്നതെങ്കിൽ, ഫോറൻസിക് മെഡിക്കൽ പരിശോധനയെക്കുറിച്ച് ലൈംഗിക ആക്രമണ റഫറൽ കേന്ദ്രത്തിൽ (SARC-) നിന്നോ പോലീസിൽ നിന്നോ ഉപദേശം തേടുന്നത് മൂല്യവത്താണ്.
ഫോറൻസിക് മെഡിക്കൽ പരിശോധന സാധാരണയായി ഒരു ലൈംഗിക ആക്രമണ റഫറൽ കേന്ദ്രത്തിലോ അല്ലെങ്കിൽ ഒരു പോലീസ് സ്യൂട്ടിലോ നടക്കുന്നു. ലൈംഗികാതിക്രമ ഫോറൻസിക് മെഡിസിനിൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു ഡോക്ടറോ നഴ്സോ ആയിരിക്കും സാധാരണ ഈ പരിശോധന നടത്തുന്നത്.
ഇവിടെ ഡോക്ടറോ നഴ്സോ പ്രസക്തമായ ആരോഗ്യ ചോദ്യങ്ങൾ ചോദിക്കും – ഉദാഹരണത്തിന്, ആക്രമണത്തെക്കുറിച്ചോ സമീപകാല ലൈംഗിക പ്രവർത്തനത്തെക്കുറിച്ചോ. നിങ്ങൾ ചുംബിച്ചതോ സ്പർശിച്ചതോ അല്ലെങ്കിൽ ലൈംഗിക ഭാഗങ്ങളിലെ ചില സ്രവങ്ങൾ പോലുള്ള സാമ്പിളുകൾ അവർ എടുക്കും. ആക്രമണത്തെക്കുറിച്ച് നിങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് അവർ മൂത്രത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകളും ഇടയ്ക്കിടെ മുടിയും എടുക്കും, കൂടാതെ ചില വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമവർ സൂക്ഷിക്കുകയും ചെയ്യും.
ഇനി പോലീസിനെ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന് നിങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിൽ, ശേഖരിക്കുന്ന ആ ഫോറൻസിക് മെഡിക്കൽ തെളിവുകൾ നിങ്ങൾ ആക്രമണം റിപ്പോർട്ട് ചെയ്യണോ എന്ന് ഒരു തീരുമാനമേടിക്കുന്ന സമയം വരെ ലൈംഗിക ആക്രമണ റഫറൽ കേന്ദ്രം സൂക്ഷിക്കും.
നിങ്ങൾ ഇനി ഇത് ഒരുപക്ഷെ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, ആക്രമണത്തെക്കുറിച്ച് ലൈംഗികാതിക്രമത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിൽ പ്രത്യേകം പരിശീലനം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇതിൽ നിങ്ങളെ ഫോറൻസിക് മെഡിക്കൽ പരിശോധന നടത്തുകയും എന്താണ് സംഭവിച്ചതെന്ന് ഒരു പ്രസ്താവന നടത്തുകയും ചെയ്യും. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ പോലീസ് ക്രൗൺസിൽ പ്രോസിക്യൂഷൻ സർവീസിന് കൈമാറും, പിന്നീട് കേസ് വിചാരണ വേണമോ വേണ്ടയോ എന്നവർ തീരുമാനിക്കുകയും നിങ്ങളോട് ഓരോ ഘട്ടത്തിലും എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കുകയും സഹായിക്കുകയും ചെയ്യും.
ഇനി എല്ലാ കേസുകളും ഇരയ്ക്ക് താല്പര്യമില്ല എങ്കിൽ പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല . ഉദാഹരണത്തിന് ഒരു പോലീസ് ഉദ്യോസ്ഥൻ നിങ്ങളുടെ ഒരു ബന്ധുവോ സുഹൃത്തോ ആയിരിക്കാം. പക്ഷെ ആക്രമണത്തെ കുറിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്യതാൽ അവർക്ക് നിങ്ങളെയൊരു വൈദ്യ പരിചരണത്തിനോ ഫോറൻസിക് മെഡിക്കൽ പരിശോധന നടത്താനോ ഒക്കെ സഹായിക്കാവുന്നതാണ് . ഇതിനോട് അനുബന്ധിച്ചുള്ള അന്വേഷണങ്ങളോ പ്രോസിക്യൂഷനോ, അല്ലെങ്കിൽ നിങ്ങളോ മറ്റാരെങ്കിലുമോ ഗുരുതരമായ അപകടത്തിന് സാധ്യതയുണ്ടെന്ന ആശങ്കയോ ഒന്നും ഇല്ലങ്കിൽ ഒരു കാരണവശാലും നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് സേവനങ്ങളുമായി അവർ പങ്കിടില്ല.
ലൈംഗികാതിക്രമത്തിന് വിധേയരായ ആളുകളെ സഹായിക്കാൻ ചില ലൈംഗിക ആക്രമണ റഫറൽ കേന്ദ്രങ്ങളോ സന്നദ്ധ സംഘടനകളിലോ പ്രത്യേകം പരിശീലനം ലഭിച്ച ഉപദേശകരോ നമുക്ക് ലഭ്യമാണ്. ഈ സ്വതന്ത്ര ലൈംഗിക അതിക്രമ ഉപദേഷ്ടാക്കൾക്ക് Independent Sexual Violence Adviser (ISVA )ഇരകൾക്ക് ആവശ്യമായ മറ്റ് പിന്തുണാ സേവനങ്ങളിലേക്ക് ആക്‌സസ് നേടാൻ നിങ്ങളെ സഹായിക്കാനാകും
അതിനാൽ കുട്ടികൾ / അല്ലെങ്കിൽ മുതിർന്നവർ ഏതെങ്കിലും തരത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന സേവനങ്ങൾ പലതുണ്ട് ചില അത്യാവശ്യ നമ്പറുകൾ , താത്കാലിക അഭയ കേന്ദ്രങ്ങൾ ഒക്കെ നമുക്ക് ലഭ്യമാണ് . ( ഈ വിവരങ്ങൾ കൂടുതലായി ജില്ലാതല അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്കിന്റെ അവസാനം രേഖപെടുത്തിയിട്ടുണ്ട് ).
ഇത്രയുമൊക്കെ കാര്യങ്ങൾ പരിക്കേറ്റ സ്വന്തം കുഞ്ഞിനായി ചെയ്യാൻ കിടക്കുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ മീഡിയകൾക്ക് കടിച്ചുകീറാൻ ഇട്ടു കൊടുക്കാതിരിക്കാം . അത് പ്രതിയോടുള്ള ഒരു താത്കാലിക പ്രതിരോധം തീർക്കാൻ മാത്രമേ ഉപകരിക്കു … നാട്ടുകാർ വായിച്ചു പറഞ്ഞു മറക്കും . ഉന്തിന്റെ കൂടെ തള്ളുകൂടി കൊടുക്കാതെ കുഞ്ഞിന്റെ മനസിനെ ഉണങ്ങാൻ അനുവദിക്കൂ …
Leave a Reply