മൂന്നാറിൽ ഗവൺമെന്റ് ടിടിസി കോളേജിലെ വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പരിശിക്കൽ സ്വദേശി ആൽവിൻ ജെറാൾഡ് (23) ആണ് അറസ്റ്റിലായത്. നേരത്തെ ഇയാൾ പെൺകുട്ടിയുടെ സുഹൃത്ത് ആയിരുന്നു. ഇടയ്‌ക്കുവെച്ച് പെൺകുട്ടി ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ നല്ലതണ്ണി റോഡിൽവെച്ച് യുവാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിയെ അതിലൂടെ കടന്ന് പോകുകയായിരുന്ന യുവാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം ഇന്നലെ ആരാണ് ആക്രമിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Reply