തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകുന്നേരമാണ് നടുവിൽ സ്വദേശിനിയായ കെ ഷാഹിദ (46) ന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഷാഹിദയുടെ രണ്ടാം ഭർത്താവ് ആയ ചപ്പാരപ്പടവ് സ്വദേശി അഷ്‌കർ (52) ആണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഹിദ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന് പിന്നാലെ പ്രതി അഷ്കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപത്ത് വെച്ചാണ് ഷാഹിദയ്ക്ക് നേരെ അഷ്‌കർ ആസിഡ് ആക്രമണം നടത്തിയത്. കോടതിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാഹിദയെ വഴിയിൽ കത്ത് നിന്ന് അഷ്‌കർ ആക്രമിക്കുകയായിരുന്നു. ഷാഹിദയോട് സംസാരിക്കുകയും തർക്കിക്കുകയും ചെയ്തതിന് പിന്നാലെ കൈയ്യിൽ കരുതിയിരുന്ന ആസിഡ് ഷാഹിദയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ ഷാഹിദയുടെ തലമുടിയും വസ്ത്രങ്ങളും കരിഞ്ഞ് പോയിരുന്നു. ഷാഹിദയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഷ്കറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

അതേസമയം ഷാഹിദയുടെ രണ്ടാമത്തെ ഭർത്താവാണ് അഷ്‌കർ. ഏഴു മാസം മുൻപ് ഷാഹിദ മതാചാര പ്രകാരം അഷ്കറിനെ വിവാഹം ചെയ്തിരുന്നതായും ഏഴ് മാസത്തോളം കൂടെ താമസിച്ചിരുന്നതായും അഷ്‌കർ പറയുന്നു. ഏഴ് മാസം കൂടെ കഴിഞ്ഞതിന് ശേഷം തന്നെ ഒഴിവാക്കി ഷാഹിദ ആദ്യ ഭർത്താവിന്റെ കൂടെ പോയി താമസിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും അഷ്‌കർ പറയുന്നു.