കൊടൈക്കനാലിന് സമീപം നടന്ന വാഹനാപകടത്തിൽ പതിനെട്ടാം പടി സിനിമയിലൂടെ ശ്രദ്ധ നേടിയ നകുൽ തമ്പി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് നടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയും നടനും റിയാലിറ്റി ഷോയിലെ നര്‍ത്തകനുമായ നകുല്‍ തമ്പിയും സുഹൃത്തായ ചാവടിമുക്ക് സ്വദേശി ആര്‍.കെ.ആദിത്യ(24)യുമാണ് അപകടത്തിൽ തലയില്‍ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവര്‍. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളിലായി കൊടൈക്കനാലില്‍ എത്തിയതായിരുന്നു ഇവരു സുഹൃത്തുക്കളും. നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മറ്റ് മൂന്നു സുഹൃത്തുക്കളും യാത്രചെയ്യുകയായിരുന്നു. നകുൽ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ നകുലിനെയും ആദിത്യയെയും ആദ്യം വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ശേഷം ഇവരെ വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ തന്നെ ഇരുവരും ഇപ്പോള്‍ ഐ.സി.യു.വിൽ ചികിത്സയിലാണ്.
ഇവരെ സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകൾ പ്രചരിപ്പിക്കരുതെന്നും ഓരോ നിമിഷവും നകുലിന്റെ കുടുംബവുമായി ഞങ്ങൾ ബന്ധപെടുന്നുണ്ടെന്നും ഇപ്പോൾ വേണ്ടത് പ്രാർത്ഥിക്കുക എന്നത് മാത്രമാണെന്നും നടൻ അമ്പി നീനാസം കുറിച്ചിരിക്കുന്നു. വാട്സാപ്പ് വഴി വരുന്ന വ്യാജ വാര്‍ത്തകൾ ഞങ്ങളെയും, അവരുടെ കുടുംബത്തെയും, വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അമ്പി നീനാസം ഫെയ്സ്ബുക്കിൽ കുറിച്ചു.
പൂർണമായും വായിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് നടൻ കുറിപ്പ് പങ്കുവയ്ക്കുന്നത്. നകുലിനും, അവന്റെ സുഹൃത്തിനും അപകടം സംഭവിച്ചു എന്നുള്ള വാർത്ത സത്യമാണെന്നും പക്ഷേ, ഇപ്പോൾ വാട്സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ തെറ്റാണെന്നും അതുകൊണ്ടാണ് ഈ തുറന്നെഴുത്തെന്നും അമ്പി നീനാസം പറയുന്നു.
കുറിപ്പ് വായിക്കാം: പൂർണമായും വായിക്കുക, നകുലിനും, അവന്റെ സുഹൃത്ത് ആദിത്യനും അപകടം സംഭവിച്ചു എന്നുള്ള വാർത്ത സത്യമാണ്. പക്ഷേ, ഇപ്പോൾ വാട്സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ തെറ്റാണ്. അതുകൊണ്ടാണ് ഈ തുറന്നെഴുത്ത്….
ഓരോ നിമിഷവും അവന്റെ ഫാമിലിയുമായി ഞങ്ങൾ ബന്ധപെടുന്നുണ്ട്. ഇപ്പോൾ വേണ്ടത് പ്രാർഥിക്കുക എന്നത് മാത്രമാണ്. വാട്സാപ്പ് വഴി വരുന്ന ഫെയ്ക്ക് ന്യൂസുകൾ ഞങ്ങളെയും, അവരുടെ കുടുംബത്തെയും, വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട്….
ഇപ്പൊ അവനും അവന്റെ ഫ്രണ്ടും മധുരാ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഉള്ളത്. 48 മണിക്കൂർ ഒബ്സർവേഷനിൽലാണ്. അതിനു മുമ്പായി ദയവു ചെയ്ത് സോഷ്യൽ മീഡിയ വഴി ഫെയ്ക്ക് ന്യൂസുകൾ ഉണ്ടാക്കരുത്. ഞങ്ങടെ കൂടെ ഉള്ളവർ എല്ലാവരും ആത്മാർഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാൻസിലേക്കും അവൻ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ,… അവന്റെ സുഹൃത്തും പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കെത്തുമെന്ന്. എല്ലാവരോടുമുള്ള അപേക്ഷയാണ്. സത്യമറിയാതെ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കിൽ,… അവർക്ക് രണ്ട് പേർക്കും വേണ്ടി ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുക.’–അമ്പി കുറിച്ചു.
Leave a Reply