നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം തേടി വിചാരണക്കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ലോക് ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചത്.
കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍ കോവിഡ്് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്.
വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. അവധി ദിനങ്ങളും ലോക്ഡൗണും അഭിഭാഷകര്‍ കേസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടതുമൊക്കെ വിചാരണ വൈകാന്‍ കാരണമായിട്ടുണ്ട്. കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.
2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വരുമ്പോള്‍ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയുടെ അടുത്ത ഘട്ടത്തില്‍ ചലച്ചിത്രതാരങ്ങളുള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നുണ്ട്.
Leave a Reply