നടി ആക്രമിക്കപ്പെട്ട കേസിൽ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ പ്രാസിക്യൂഷൻ ഹൈക്കോടതിയില്‍ ഹാജരാക്കി. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു അനൂപ്. നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ എങ്ങനെ മൊഴി നൽകണമെന്നാണ് പഠിപ്പിക്കുന്നത്. കേസില്‍ വിചാരണ അട്ടിമറിച്ചതിന്‍റെ സുപ്രധാന തെളിവാണ് ശബ്ദരേഖയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

പ്രോസിക്യൂഷൻ സാക്ഷിയായ ഒരാളെ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ അഭിഭാഷകർ പറഞ്ഞു പഠിപ്പിക്കുന്നതാണ് തെളിവായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുവഴി നടിയെ ആക്രമിച്ച കേസിനെ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപിന്റെ ഭാ​ഗത്തുനിന്ന് ഏതൊക്കെ വിധത്തിലുള്ള ശ്രമം ഉണ്ടായി എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്.

ദിലീപിന് ശത്രുക്കൾ ഉണ്ട് എന്ന് കോടതിയിൽ പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം. ​ഗുരുവായൂരിലെ ഡാൻസ് പ്രോ​ഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണം. (മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനും മുമ്പ് ​ഗുരുവായൂരിൽ നൃത്ത അരങ്ങേറ്റം നടന്നിരുന്നു. വർഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള മഞ്ജുവിന്റെ പൊതുവേദിയിലേക്കുള്ള തിരിച്ചുവരവായിരുന്നു). അത് അനൂപിനോട് അഭിഭാഷകൻ പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നു. മഞ്ജു മദ്യപിക്കും എന്നും വേണം കോടതിയിൽ പറയാനെന്നും അഭിഭാഷകൻ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റർ ഇരിക്കുന്ന സ്ഥലം സംബന്ധിച്ചും അഭിഭാഷകൻ സംസാരിക്കുന്നുണ്ട്. എന്നാൽ, ഇത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തതയില്ല. മറ്റൊന്ന് ഡ്രൈവർ അപ്പുണ്ണിയെക്കുറിച്ചാണ്. അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ല എന്ന് നിലപാടെടുക്കണമെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പറഞ്ഞാൽ, പൾസർ സുനിയുമായുള്ള കത്തിടപാടുകൾക്കും മറ്റും ഇടനില നിന്നത് അപ്പുണ്ണിയായിരുന്നു. ഇതൊക്കെത്തന്നെ പ്രോസിക്യൂഷൻ ഹാജരാക്കിയത് ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നു എന്ന് തെളിയിക്കാനാണ്. കേസിൽ 20 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. ഈ സാക്ഷികൾ എല്ലാം സിനിമാ മേഖലയിലുള്ളവരാണ്. ഇവരെല്ലാം കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്താലാണ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളിയിട്ടുണ്ട്. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിന്‍റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. ‘ഡിസ്മിസ്ഡ്’, റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റേതാണ് വിധി.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ‘പദ്മസരോവരം’ എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്. അതുകൊണ്ട് തന്നെ ഈ കേസിന്‍റെ ഭാവി, നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി തള്ളിക്കളയുകയാണ്.