നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ പ്രത്യേക കോടതി വിസ്തരിക്കും. ഈ മാസം 22 നായിരിക്കും മഞ്ജു വാര്യരുടെ വിസ്താരം നടക്കുക. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമായാണ് കരുതുന്നത്.
കേസിൽ ഇന്ന് മൂന്ന് സാക്ഷികളുടെ വിസ്താരം പുർത്തിയാക്കി. ദൃശ്യങ്ങൾ പകർത്തിയ ശേഷം ഒന്നാം പ്രതി പൾസർ സുനി ഒളിവിൽ കഴിഞ്ഞ അമ്പലപ്പുഴയിലെ വീട്ടിലെ ഗൃഹനാഥന്റെ വിസ്താരമാണ് ഇന്ന് പ്രധാനമായും നടന്നത്. സുഹൃത്തായ ഗൃഹനാഥനെ പൾസർ സുനി ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഒളിവിലായിരുന്ന സമയത്ത് പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെയും മറ്റൊരു അപ്രധാന സാക്ഷിയെയും കോടതി വിസ്തരിച്ചു. അടുത്ത വിസ്താരം 19 ന് നടക്കും.
നേരത്തെ സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി വിസ്തരിച്ചിരുന്നു. ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയശേഷം നടിയെ സംവിധായകൻ ലാലിന്റെ വീടിനടുത്താണ് പ്രതികൾ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. ലാലിനെയാണ് നടി പീഡനവിവരം ആദ്യം അറിയിച്ചത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും.
Leave a Reply