നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ്. സുമലത ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും തന്നെ സന്ദർശിച്ചവരെല്ലാം ഉടനടി പരിശോധന നടത്തണമെന്നും സുമലത അഭ്യർത്ഥിച്ചിട്ടുണ്ട്. ഇപ്പോൾ ഹോം ഐസൈലേഷനിലാണ് സുമലത. കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഉൾപ്പെടെയുളളവരെ സുമലത സന്ദർശിച്ചിരുന്നു.
കർണാടകയിലെ മാണ്ഡ്യയിൽനിന്നുമാണ് നടിയും അന്തരിച്ച മുൻ എംപി അംബരീഷിന്റെ ഭാര്യയുമായ സുമലത ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ബഹുദൂരം പിന്നിലാക്കിയാണ് സുമലതയുടെ വിജയം. ജനതാദള്‍ എസിന്റെ നിഖില്‍ കുമാരസ്വാമി 576545 വോട്ടുകളാണ് നേടിയത്. സുമലത 702167 വോട്ടുകള്‍ നേടി. 125622 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് സുമലത വിജയിച്ചത്.
തമിഴ്‌നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച സുമലത ആന്ധ്ര പ്രദേശിലെ സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെയാണ് സിനിമയിലേക്ക് വരുന്നത്. 15-ാം വയസ്സിൽ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ സുമലത മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1991ൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ അംബരീഷിനെ വിവാഹം ചെയ്‌തു. നിറക്കൂട്ട്, താഴ്‌വാരം, തൂവാനത്തുമ്പികൾ തുടങ്ങിയ എക്കാലത്തേയും ഹിറ്റ് മലയാള ചിത്രങ്ങളിലെല്ലാം സുമലതയായിരുന്നു നായിക.
Leave a Reply