നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസ് മറ്റ് ചലച്ചിത്രതാരങ്ങളിലേക്കും. പ്രതികള്‍ ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ വരെ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. അതേസമയം, മറ്റൊരു നടനെയും നടിയെയും തട്ടിപ്പ് സംഘം സമീപിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചത്.
പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിന് പകരമായി സംഘം ഓഫര്‍ ചെയ്തത് രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഇടപാടിന് മുമ്പ് എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങുന്നതാണ് സംഘാംഗങ്ങളുടെ രീതി. അതുകൊണ്ട് തന്നെ ഇടപാടെല്ലാം ഫോണ്‍ വഴി മാത്രമാണ് നടന്നത്.
വിവാഹ ആലോചനയെന്ന വ്യാജേന ഫോണില്‍ ബന്ധം പുലര്‍ത്തിയ ഷംന കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു. അത് കൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടര്‍ന്നപ്പോള്‍ വിശ്വാസം നിലനിര്‍ത്താനായാല്‍ കൂടുതല്‍ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ട് വീട്ടിലെത്തിയത്. ഇതിനെല്ലാം മുമ്പണ് പ്രമുഖ നായികനടിയെ ഇവര്‍ ഫോണില്‍ വിളിച്ച് സ്വര്‍ണ്ണകടത്തിന് ക്ഷണിച്ചത്.
ഫോണ്‍ നമ്പറിന്റെ അഡ്രസ് ശേഖരിച്ച് നടിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചപ്പോള്‍ അപകടം മനസിലാക്കി സംഘം പിന്മാറി. കാലങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളത്തിലെ പ്രമുഖ നടനെ ബന്ധപ്പെടാന്‍ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ നടന്നില്ല. ഷംനയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വന്‍ വാഗ്ദാനം നല്‍കി പാലക്കാട്ടും കോയമ്പത്തൂരുമെല്ലാം വിളിച്ചുവരുത്തി താമസിപ്പിച്ച് ഒടുവില്‍ സ്വര്‍ണമെല്ലാം ഊരിവാങ്ങി, തന്ത്രപൂര്‍വം കയ്യിലുള്ള പണം വരെ വാങ്ങിയെടുത്ത് തട്ടിപ്പ് സംഘം മുങ്ങിയിട്ടുണ്ട്. മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞ് ബന്ധപ്പെട്ട സംഘം വാഗ്ദാനംചെയ്തത് സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ്. അത്ര വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിനാല്‍ സംവിധായകന്‍ തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടു.
Leave a Reply