തമിഴ് സിനിമാ നടി തൃഷ കൃഷ്ണനെതിരെ നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശം വലിയ വിവാദമായി. നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ചുകൊണ്ടാണ് നാഗേന്ദ്രൻ “വിജയ് രാഷ്ട്രീയത്തിൽ പരിചയസമ്പത്ത് നേടണമെങ്കിൽ ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണം” എന്നു പറഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി തൃഷ രംഗത്തെത്തി. അനാദരവിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും എതിരെ എപ്പോഴും ശബ്ദമുയർത്തുമെന്ന് അവർ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. പിന്നാലെ തൃഷയുടെ നിയമോപദേശകൻ നിത്യേഷ് നടരാജ് ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. ഉന്നത പദവിയിലുള്ള രാഷ്ട്രീയ നേതാവിൽ നിന്ന് ഇത്തരമൊരു അനുചിത പരാമർശം പ്രതീക്ഷിച്ചില്ലെന്നായിരുന്നു പ്രതികരണം.
സേലം റാലിയിൽ വിജയ് നടത്തിയ പ്രസംഗമാണ് വിവാദത്തിന് വഴിവച്ചത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയുടെ പ്രസ്താവനയെ തുടർന്ന് നാഗേന്ദ്രൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തിറങ്ങണമെന്നും, രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ മുതിർന്നവരുടെ വാക്ക് കേൾക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിജയ്ക്ക് രാഷ്ട്രീയ പരിചയം ഇല്ലെന്നും, നല്ല നേതാക്കളെ കുറിച്ച് ആദരവോടെ സംസാരിക്കണമെന്നും നാഗേന്ദ്രൻ കൂട്ടിച്ചേർത്തു.
വിവാദത്തിനിടെ താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ലെന്ന് തൃഷ വ്യക്തമാക്കി. രാഷ്ട്രീയ നിലപാടുകളിൽ നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, തന്റെ തൊഴിൽ വഴിയാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. വ്യക്തിജീവിതം പൊതുചർച്ചയ്ക്കോ അധിക്ഷേപത്തിനോ വിഷയമാക്കരുതെന്നും, യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും തൃഷ കർശനമായി ആവശ്യപ്പെട്ടു.











Leave a Reply