ഇന്ത്യയുടെ സബ്മറൈന്‍ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ അദമ്യ പുറത്തിറങ്ങി. പുതിയ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ പ്രതിരോധ രംഗത്തിന് മുതല്‍ക്കുട്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. അദമ്യ എയുവികള്‍ സബ്മറൈന്‍ ടോര്‍പീഡോ ട്യൂബുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കും. അന്തര്‍വാഹിനികളില്‍ നിലവിലുള്ള ടാര്‍പീഡോ ട്യൂബുകളില്‍ ഇതിനായി പുതിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ഷിപ്പുകളുടെ മുകളിലെ പ്രതലങ്ങളിലും നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന വിധത്തിലാണ് അദമ്യ എയുവികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. റിക്കവറി സിസ്റ്റവും ഉള്‍പ്പെടുന്നതാണ് അദമ്യ എയുവി പാക്ക്. അഞ്ച് മീറ്റര്‍ നീളമുള്ള ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ സമുദ്രത്തിനടിയിലുള്ള ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. സമുദ്ര നിരപ്പിനുള്ളില്‍ വലിയ ദൗത്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യന്‍ നേവിയെ സഹായിക്കാന്‍ അദമ്യയ്ക്ക് കഴിയും.
വെള്ളത്തിനടിയില്‍ 8 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷനുകള്‍ നയിക്കാന്‍ അദമ്യക്ക് കഴിയുമെന്ന് നിര്‍മ്മാതാക്കളായ എല്‍ ആന്റ് ടി അവകാശപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1500 ഫീറ്റ് ഉള്‍ത്തട്ടിലെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. 4 നോട്ടിക്കല്‍ വേഗതയിലാവും ഇവ സഞ്ചരിക്കുക. അദമ്യയ്ക്ക് സമുദ്രത്തിനുള്ളിലെ നിരവധി ഓപ്പറേഷനുകള്‍ നയിക്കാനുള്ള കഴിവുണ്ട്. ഹൈഡ്രോഗ്രാഫിക് സര്‍വേ, വെള്ളത്തിനടിയിലെ ബോംബുകളെ കണ്ടെത്തുക അവ നിര്‍വീര്യമാക്കുന്നതിനാവിശ്യമായ പ്രവര്‍ത്തനങ്ങള്‍, സമുദ്രാന്തര നിരീക്ഷണങ്ങള്‍, സമുദ്ര തീരങ്ങളുടെ സുരക്ഷ സംബന്ധിച്ച ഓപ്പറേഷനുകള്‍, ആന്റി സബ്മറൈന്‍ ഓപ്പറേഷനുകള്‍ തുടങ്ങി അദമ്യ ഉപയോഗിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദൗത്യങ്ങള്‍ ഏറെയാണ്.
ഏതാണ്ട് 50 കിലോഗ്രാം വരെയുള്ള സാമഗ്രികള്‍ അദമ്യയില്‍ കയറ്റാന്‍ കഴിയും. മുന്‍ ഭാഗത്ത് സോനാര്‍ യന്ത്രവും അതുപോലെ ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെയും ഉള്‍ക്കൊള്ളാന്‍ ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിളിന് പ്രാപ്തിയുണ്ട്. ദൗത്യങ്ങളുടെ ആവശ്യങ്ങളനുസരിച്ച് സാമഗ്രികള്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് അദമ്യയുടെ നിര്‍മ്മാണം. എയുവികള്‍ എല്‍ ആന്റ് ടിയില്‍ നിന്ന് വാങ്ങിക്കാന്‍ ഇന്ത്യന്‍ നേവിക്ക് ഇതുവരെ സര്‍ക്കാരില്‍ അനുവാദം ലഭിച്ചിട്ടില്ല. പലതരം സമുദ്രാന്തര ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ലോകത്തിലെ എല്ലാ നാവിക സേനയുടെ പക്കലും ഇത്തരം അണ്ടര്‍ വാട്ടര്‍ വെഹിക്കിളുകള്‍ ഉണ്ട്. വൈകാതെ തന്നെ ഇവ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.
Leave a Reply