പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷ വധിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മറ്റൊരു നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍. ജിഷ കേസിൽ യഥാർത്ഥ പ്രതി അനാറുൾ ഇസ്ലാം പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടെന്നും നിലവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അമിറുൾ ഇസ്‌ളാമിന് ഒപ്പം കസ്റ്റഡിയിൽ എടുത്ത അനാറുൾ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മർദ്ദനമേറ്റ് മരണപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യം വിചാരണകോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ആളുർ വ്യക്തമാക്കി.
ആലുവാ എസ്.പിയായിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിയ ക്രൂരമായ ചോദ്യംചെയ്യലിലാണ് അനാര്‍ മരിച്ചതെന്നാന് ആളൂരിന്റെ ആരോപണം. ഇക്കാര്യം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. സമാനമായ അനുഭവം തനിക്കും നേരിടേണ്ടിവരുമെന്ന ഭീതിയിലാണ് അമീര്‍ ഉള്‍ കുറ്റമേറ്റതെന്നാണ് വാദം എന്നാല്‍, കസ്റ്റഡിയില്‍ മരിച്ചയാളുടെ മൃതദേഹമായിരുന്നോയെന്നു സ്ഥിരീകരിച്ചിട്ടില്ല. ജിഷ കൊല്ലപ്പെട്ട സമയത്ത് ഒട്ടേറെപ്പേരെ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതില്‍ ഇതരസംസ്ഥാനക്കാരും ഉള്‍പ്പെട്ടിരുന്നു. കൂടുതല്‍ സംശയം തോന്നിയ മൂന്നുപേരിലേക്കു അന്വേഷണം ചുരുക്കി. ഇതിലൊരാളെ വിട്ടയച്ചു. അനാര്‍ ഉളിന്റെ ആരോഗ്യം വഷളാകുകയും മരിക്കുകയുമായിരുന്നു. പലര്‍ക്കും ക്രൂരമര്‍ദനമേറ്റിരുന്നു. ഈ വിവരം പോലീസ് തന്നെ അമീര്‍ ഉളിനെ അറിയിച്ചിരുന്നു. കുറ്റം ഏറ്റില്ലെങ്കില്‍ ഇതേ ഗതിവരുമെന്നു ഭീഷണിപ്പെടുത്തിയെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതും അന്വേഷിക്കണമെന്നാണ് ആളൂരിന്റെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച 30 പേരുടെ സാക്ഷിപ്പട്ടികയില്‍ പിതാവ് പാപ്പുവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഏഴുപേരെ വിസ്തരിക്കാന്‍ കോടതി പ്രതിഭാഗത്തിന് അനുമതി നല്‍കിയിരുന്നു. ഇതില്‍ പാപ്പുവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പാപ്പു മരിച്ചതോടെ കേസില്‍ ശക്തനായ തന്റെ സാക്ഷിയെയാണു നഷ്ടമായതെന്നും ആളൂര്‍ പറഞ്ഞു. കേസില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായിരുന്നു. നൂറു പേരെയാണു സാക്ഷികളായി ഹാജരാക്കിയത്. വിധി ഡിസംബര്‍ ആദ്യവാരം ഉണ്ടാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട അന്വേഷകസംഘം ആദ്യംപുറത്തുവിട്ട പേരുകളിലൊന്നാണ് അനാര്‍ ഉള്‍. ഇയാള്‍ അമീര്‍ ഉളിന്റെ സുഹൃത്തായിരുന്നുവെന്നാണു പോലീസ് നിലപാട്. കൊലക്കേസില്‍നിന്നു രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ ഇയാള്‍ അമീര്‍ ഉളിന് ഉപദേശിച്ചിരുന്നുവെന്നു പോലീസ് ആദ്യം വെളിപ്പെടുത്തി. എന്നാല്‍, കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍തന്നെ അനാറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല. പിന്നീട് അനാര്‍ ഉള്‍ കേവലം കെട്ടുകഥയാണെന്ന് പോലീസ് തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇയാള്‍ കസ്റ്റഡിയില്‍ മരിച്ചതെന്നാണ് ആളൂരിന്റെ വാദം. പ്രതിഭാഗം പറയുന്ന അജ്ഞാതമൃതദേഹം അനാറുളിന്റേതല്ലെന്ന നിലപാടിലാണ് പോലീസ്. അന്ന് പെരുമ്പാവൂരില്‍ കണ്ട അജ്ഞാതമൃതശരീരം കെട്ടിടത്തില്‍നിന്ന് വീണുമരിച്ച ഇതരസംസ്ഥാനത്തൊഴിലാളിയുടേതാണെന്നും പോലീസ് വ്യക്തമാക്കുന്നു.
Leave a Reply