ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യൂണിവേഴ്‌സിറ്റി ബിരുദം ആവശ്യമില്ലാത്ത ശരാശരി യുകെ വാർഷിക ശമ്പളമായ £33,000-നേക്കാൾ കൂടുതൽ ശമ്പളം നൽകുന്ന 20 ഓളം ജോലികളുടെ വിവരങ്ങൾ പങ്കുവച്ച് പ്രമുഖ തൊഴിൽ സൈറ്റായ അഡ്‌സുന. ലിസ്റ്റിൽ ബിരുദമില്ലാതെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന തൊഴിൽ കാസിനോ ഗെയിമിംഗ് മാനേജറുടേതാണ്. ഒരു കാസിനോ ഗെയിമിംഗ് മാനേജരുടെ പ്രതിവർഷ ശമ്പളം ഏകദേശം 90,000 പൗണ്ട് ആണ്. മിക്ക തൊഴിലിനും കേവലം വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ പ്രാധാന്യം അറിവും കഴിവും ആണെന്ന് അഡ്‌സുനയുടെ സഹസ്ഥാപകനായ ആൻഡ്രൂ ഹണ്ടർ പറഞ്ഞു.
യൂണിവേഴ്സിറ്റി ബിരുദം മാത്രമല്ല ഉയർന്ന ശമ്പളം ലഭിക്കുന്നതിനായുള്ള മാർഗം എന്നും നിലവിൽ കൂടുതൽ വ്യവസായങ്ങൾ അപേക്ഷകരുടെ കഴിവ് വികസിപ്പിക്കാനുള്ള തൊഴിൽ പരിശീലനം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ആൻഡ്രൂ പറഞ്ഞു. ഇതിന് ഉത്തമ ഉദാഹരണമാണ് ഐടി മേഖല. കമ്പ്യൂട്ടർ സയൻസ് യോഗ്യതയില്ലാത്ത തൊഴിലന്വേഷകർക്കായി സ്‌ക്രം മാസ്റ്റർ, എത്തിക്കൽ ഹാക്കർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ തുടങ്ങിയവ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, സ്‌ക്രം മാസ്റ്റർമാർക്ക് പ്രതിവർഷം 62,000 പൗണ്ടിനു മുകളിലാണ് ശമ്പളം. ഇവർ ഐടി, ടെക് ടെവലപ്മെന്റിനായുള്ള പ്രോജക്റ്റ് മാനേജരായാണ് പ്രവർത്തിക്കുന്നത്.
ലിസ്റ്റിൽ കൊമേർഷ്യൽ പൈലറ്റ് , എത്തിക്കൽ ഹാക്കർ, എയർ ട്രാഫിക് കൺട്രോളർ തുടങ്ങി പ്രതിവർഷം 60,000 പൗണ്ട് നൽകുന്ന ജോലികളും ഉൾപ്പെടുന്നു. ഇവയ്ക്ക് ബിരുദം ആവശ്യമില്ലെങ്കിലും ചില നിബന്ധനകൾ ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു കൊമേർഷ്യൽ പൈലറ്റാകാൻ നിങ്ങൾക്ക് യൂണിവേഴ്സിറ്റി ബിരുദത്തിൻെറ ആവശ്യം ഇല്ല. എന്നാൽ ഇംഗ്ലീഷ്, സയൻസ്, ഗണിതം ഉൾപ്പെടെ അഞ്ച് ജിസിഎസ്ഇകൾ ആവശ്യമാണ്. യുകെയിൽ ഒരു ശരാശരി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം £57,000 വരെ വരുമ്പോൾ വിദ്യാർത്ഥികളുടെ വായ്പാ കടങ്ങളും പഠനച്ചെലവുകളും ഒഴിവാക്കുന്ന ഉയർന്ന ശമ്പളമുള്ള കരിയറുകളിൽ ഒന്ന് പിന്തുടരാൻ ശ്രമിക്കാം.
Leave a Reply