ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ശമ്പളവർദ്ധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നേഴ്സിംഗ് യൂണിയൻ നടത്തുന്ന സമരം കൂടുതൽ കരുത്താർജിക്കുകയാണ്. അതിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങൾ, തീവ്രപരിചരണം, ക്യാൻസർ വാർഡുകൾ എന്നിവിടങ്ങളിൽ നിന്നുള്ള നേഴ്‌സുമാരോട് സഹപ്രവർത്തകരോടൊപ്പം പണിമുടക്കിൽ പങ്കെടുക്കാൻ യൂണിയൻ ഉടൻ ആവശ്യപ്പെടും. സർക്കാരുമായുള്ള തർക്കം രൂക്ഷമാകുന്നതിനാൽ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ (ആർസിഎൻ) ജീവനക്കാർ പണിമുടക്കിനൊരുങ്ങുകയാണ്. വരും ദിവസങ്ങളിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം.
നേരത്തെ അടിയന്തിര സേവനങ്ങൾ വേണ്ട മേഖലകളിൽ ചില ഇളവുകൾ യൂണിയൻ നൽകിയിരുന്നു. എന്നാൽ സർക്കാർ മൗനം പാലിക്കുന്നതിനാൽ ഇത് നീക്കം ചെയ്യാൻ ഒരുങ്ങുകയാണ് നേഴ്സിംഗ് ജീവനക്കാർ. വെള്ളിയാഴ്ച മുതൽ ഇളവുകൾ എല്ലാം പിൻവലിക്കുമെന്നും മുഴുവൻ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്ന് എൻ എച്ച് എസ് മേധാവികളെ അറിയിച്ചിട്ടുണ്ട്. തീരുമാനത്തെ എൻ എച്ച് എസ് നേതാക്കൾ ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.
ഏതുവിധേയനെയും സമരം നിർത്താനാണ് അധികൃതർ ശ്രമിക്കുന്നത്. ജീവിത ചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ശമ്പള വർദ്ധനവ് അല്ലാതെ മറ്റ് മാർഗമില്ല എന്ന നിലപാടിലാണ് ജീവനക്കാർ. ഇംഗ്ലണ്ടിലെ നേഴ്‌സുമാരുടെ അടുത്ത പണിമുടക്കുകളുടെ തീയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇംഗ്ലണ്ടിലെ നേഴ്‌സുമാർ കഴിഞ്ഞ ആഴ്ച രണ്ട് ദിവസത്തേക്ക് ജോലിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാൽ വെയിൽസ് സർക്കാർ ശമ്പള ഓഫർ മെച്ചപ്പെടുത്തിയതിനെത്തുടർന്ന് വെയിൽസിൽ ആസൂത്രണം ചെയ്ത സമരം പിൻവലിക്കുകയാണ് ചെയ്തത്.
Leave a Reply