ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂനീറ്റൺ: യുകെയിലെ ന്യൂനീറ്റണിൽ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അഫ്ഗാൻ അഭയാർത്ഥിയായ യുവാവിന് കോടതി തടവ് ശിക്ഷ വിധിച്ചു. മുലാഖിൽ എന്ന പ്രതിക്ക് വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി . കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നാല് വർഷവും അശ്ലീല ദൃശ്യങ്ങൾ പകർത്തിയതിന് രണ്ട് വർഷവും ശിക്ഷ നൽകിയെങ്കിലും ആകെ നാല് വർഷം തടവാണ് അനുഭവിക്കേണ്ടത്. ശിക്ഷാനന്തരമായി ഇയാളെ നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കേസിലെ ഗുരുതര സാഹചര്യങ്ങൾ പരിഗണിച്ചാണ് ശിക്ഷ കർശനമാക്കിയതെന്ന് ജഡ്ജി വ്യക്തമാക്കി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയത്, തുടർന്ന് നടത്തിയ പീഡനം, ഇരയ്ക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ആഘാതം എന്നിവ ശിക്ഷ വർധിപ്പിക്കാൻ കാരണമായതായി കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉയർന്ന ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി. കൂടാതെ ഇയാൾക്കെതിരെ അനിശ്ചിതകാലത്തേക്ക് സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡറും ഇരയുമായി യാതൊരു ബന്ധവും പുലർത്തരുതെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട് .
അതേസമയം, പ്രതിയുടെ പ്രായം, മുൻ കുറ്റചരിത്രമില്ലായ്മ, കുറ്റസമ്മതം എന്നിവയും കോടതി പരിഗണിച്ചു. 22-ാം വയസ്സിൽ താലിബാൻ ഭീഷണിയെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് അഭയം തേടിയാണ് ഇയാൾ യുകെയിൽ എത്തിയത്. കേസിൽ സഹപ്രതിയായ മുഹമ്മദ് കബീർക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ഒഴിവാക്കി.











Leave a Reply