ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ്ഗാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിന് യുകെയിലേയ്ക്ക് പ്രവേശനാനുമതി. അഫ്ഗാൻ വനിതാ ടീമിനുള്ള വിസ അപേക്ഷകൾ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അംഗീകരിച്ചു. കളിക്കാരും പരിശീലകരും കുടുംബാംഗങ്ങളും ഉൾപ്പെടെ 111 വിസ അപേക്ഷകൾക്ക് അംഗീകാരം നൽകാനാണ് ആഭ്യന്തര സെക്രട്ടറി ഒരുങ്ങുന്നത്. താലിബാൻ ഭരണത്തിന് കീഴിലായ അഫ്ഗാനിൽ നിന്നും പലായനം ചെയ്ത ടീം ഇപ്പോൾ താത്കാലിക വിസയിൽ പാകിസ്ഥാനിൽ കഴിയുകയാണ്. അഫ്ഗാൻ പുനരധിവാസ പദ്ധതിയുടെ മുൻഗണനാ വിഷയം സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണമാണെന്ന് ഇതിലൂടെ ഊട്ടിയുറപ്പിക്കുകയാണ് സർക്കാർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം അഫ്ഗാൻ ദേശീയ വനിതാ ഫുട്ബോൾ ടീമിനെ ഓസ്ട്രേലിയൻ സർക്കാർ അടുത്തിടെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് പോർച്ചുഗലിലെ ലിസ്ബണിൽ അവർ പരിശീലനം നടത്തിയിരുന്നു. വനിത ടീമിന് യുകെയിൽ അഭയം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന നിരവധി സംഘടനകളിൽ ഒന്നാണ് ലീഡ്സ് യുണൈറ്റഡ്. വനിതകൾക്ക് സമാധാനപരമായ ഭാവി ഉറപ്പാക്കാൻ തന്റെ ക്ലബ്‌ തയ്യാറാണെന്ന് ക്ലബ്ബിന്റെ ചെയർമാൻ ആൻഡ്രിയ റാഡ്രിസാനി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

അഫ്ഗാൻ സ്ക്വാഡിനെ യുകെയിലേക്ക് കൊണ്ടുവരാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകിയ ചാരിറ്റി ഫുട്ബോൾ ഫോർ പീസ് സഹസ്ഥാപകൻ കാഷിഫ് സിദ്ദിഖി, ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനത്തെ അനുകൂലിച്ചു. ഒപ്പം ടീമിനും അംഗങ്ങൾക്കും ശോഭനമായ ഭാവി സമ്മാനിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസനും പ്രീതി പട്ടേലിനും അദ്ദേഹം നന്ദി അറിയിച്ചു. അഫ്ഗാൻ സ്ത്രീകളെ കായിക മത്സരങ്ങളിൽ നിന്ന് വിലക്കാനുള്ള താലിബാൻ തീരുമാനത്തിന് പിന്നാലെയാണ് ടീം രാജ്യം വിട്ടത്. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മുസ്ലിം സ്ത്രീകൾക്ക് മുഖം മറയ്ക്കാൻ കഴിയില്ലെന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണം. ഭരണം സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യത്തെ മാധ്യമ കൂടിക്കാഴ്ചയില്‍ താലിബാൻ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് വാക്കുകളിൽ മാത്രം ഒതുങ്ങുന്നുവെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്.