ബ്രിട്ടനില്‍ അഭയം തേടിയ 150ഓളം അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ നാടുകടത്തല്‍ ഭീഷണിയില്‍. അഫ്ഗാനിസ്ഥാന്‍ യുദ്ധ സമയത്ത് ബ്രിട്ടീഷ് സൈന്യത്തിനു വേണ്ടി ട്രാന്‍സലേഷന്‍ ജോലികള്‍ ചെയ്തിരുന്നവരാണ് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. വിസാ കാലാവധി അവസാനിച്ചാല്‍ പുതുക്കുന്നതിനായി 2,400 പൗണ്ട് അടക്കണമെന്നാണ് ഇവരോട് ഹോം ഓഫീസ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാത്തവരാണ്. ഇത്രയും തുക കണ്ടെത്താന്‍ കഴിയാതെ വരുന്നതോടെ ഇവര്‍ നിര്‍ബന്ധിതമായി രാജ്യം വിട്ട് പോകേണ്ടതായി വരും. ഹോം ഓഫീസ് ദയ കാണിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ആരംഭത്തോടെ അഫ്ഗാന്‍ കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേരും രാജ്യം വിടേണ്ടതായി വരും.
അഫ്ഗാനിസ്ഥാന്‍ യുദ്ധം നടക്കുന്ന സമയത്ത് പ്രദേശവാസികളുമായി സൈന്യത്തിന് സംവാദം സാധ്യമായിരുന്നില്ല. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നീടാണ് അഫ്ഗാന്‍ സ്വദേശികളായവരെ ട്രാന്‍സലേറ്റര്‍മാരായി സൈന്യത്തിലെടുക്കുന്നത്. തുടര്‍ന്ന് ജീവന്‍ പണയപ്പെടുത്തിയുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷ് സൈന്യത്തിനൊപ്പം ഇവരും ചേര്‍ന്നു. യുദ്ധത്തിന് ശേഷം ഇവരില്‍ പകുതിയിലേറെപ്പേര്‍ ബ്രിട്ടനിലേക്ക് കുടിയേറി. യുദ്ധത്തിന് സഹായിച്ചവരെന്ന് ആനുകൂല്യം ആദ്യഘട്ടങ്ങളില്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഹോം ഓഫീസിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ഇവരെ നാടുകടത്തുമെന്നാണ് സൂചനകള്‍. സൈന്യത്തിലെ സേവനത്തിന് ശേഷം ബ്രിട്ടനില്‍ കുടിയേറിയവരില്‍ മിക്കവരും ചെറുകിട ജോലികളിലേര്‍പ്പെട്ട് ജീവിതം മുന്നോട്ട് നയിക്കുന്നവരാണ്.
ഹോം ഓഫീസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന 2400 പൗണ്ട് നല്‍കാന്‍ ഇവര്‍ക്ക് പ്രാപ്തിയില്ല. ഇത് നല്‍കിയില്ലെങ്കില്‍ ഇവര്‍ രാജ്യത്തിന് പുറത്തുപോകേണ്ടതായി വരും. ബ്രിട്ടനില്‍ നിയമം ലംഘിച്ച് തുടരുന്ന കുടിയേറ്റക്കാര്‍ നേരിടുന്ന അതേ നടപടി ക്രമങ്ങളിലൂടെ ഇവരും കടന്നുപോകണമെന്നാണ് ഹോം ഓഫീസ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ കുടുംബത്തോടാെപ്പം ബ്രിട്ടനിലേക്ക് കുടിയേറുന്നതിന് ഇവര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോയാല്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാവാന്‍ സാധ്യതയുണ്ട്. ഒറ്റുകാരെന്ന് ആരോപിച്ച് താലിബാന്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ ഇവരെ ആക്രമിക്കാനുള്ള സാധ്യതകളേറെയാണ്. യുകെയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പുതിയ ഹോം സെക്രട്ടറി സാജിദ് ജാവിദിന് കത്തയച്ചിട്ടുണ്ട്.
Leave a Reply