വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ അധിക്ഷേപിച്ച സംഭവത്തില്‍ സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ കുനാല്‍ കംറയ്ക്കു യാത്രാവിലക്കുമായി സ്‌പൈസ് ജെറ്റും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണു വിലക്ക്. നേരത്തെ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ കുനാലിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.
മുംബൈയില്‍ നിന്ന് ലക്‌നൗവിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍വച്ചാണു കുനാല്‍ കംറ അര്‍ണാബ് ഗോസാമിയെ പരിഹസിച്ചത്. സഹയാത്രികനായിരുന്ന അര്‍ണാബിനെ പരിഹസിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ കുനാല്‍ തന്നെയാണു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘എന്റെ ഹീറോയ്ക്കു വേണ്ടി, എന്റെ രോഹിതിനുവേണ്ടി ഞാനിതു ചെയ്തു’ എന്നു പറഞ്ഞുകൊണ്ടാണു സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്.
‘നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണം’എന്നു പറഞ്ഞുകൊണ്ടായിരുന്നു അര്‍ണാബിനോടുള്ള കുനാലിന്റെ ചോദ്യങ്ങള്‍. ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയ്ക്കും അമ്മ രാധികാ വെമുലയ്ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നു കംറ വീഡിയോയില്‍ പറയുന്നുണ്ട്.
കുനാല്‍ കംറയോട് പ്രതികരിക്കാതെ നിശബ്ദനായി ഇരിക്കുകയായിരുന്ന അര്‍ണാബിനെ തുടര്‍ന്നും പരിഹസിക്കുന്ന രീതിയാണു കുനാല്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് കുനാലിനെതിരെ നടപടിയെടുക്കാന്‍ വിമാന കമ്പനി തീരുമാനിച്ചത്. ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും കുനാലിന് ആറു മാസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നടപടിയെ സ്വാഗതം ചെയ്ത വ്യോമയാന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ഹര്‍ദീപ് സിങ് പുരി ഇതേ സമീപനം മറ്റു വിമാനക്കമ്പനികളും സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണു കുനാലിന് എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
വിലക്ക് കാര്യമാക്കുന്നില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ നടപടിയോട് കുനാല്‍ കംറ പ്രതികരിച്ചത്. വില്‍ക്കാന്‍ വച്ചിരിക്കുന്ന എയര്‍ ഇന്ത്യയുടെ വിലക്കിനെ ഓര്‍ത്ത് ചിരിയാണു വരുന്നതെന്നും കുനാല്‍ പറഞ്ഞിരുന്നു. ആറ് മാസം തന്നെ സസ്‌പെന്‍ഡ് ചെയ്തതിന് വളരെ നന്ദിയുണ്ടെന്നും പക്ഷേ, മോദിജി എയര്‍ ഇന്ത്യയെ എന്നെന്നേക്കുമായി സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നും കുനാല്‍ പരിഹസിച്ചിരുന്നു.
താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ചെയ്തതില്‍ കുറ്റബോധമില്ലെന്നും വിമാനക്കമ്പനികളുടെ വിലക്കിനോടുള്ള പ്രതികരണമായി കംറ വ്യക്തമാക്കിയിരുന്നു. തന്റെ പ്രവൃത്തിയെ ധീരതയായി കാണേണ്ടതില്ലെന്നും സ്വഭാവിക പ്രതികരണമാണെന്നും പറഞ്ഞ കംറ ‘ഒരാളോടൊഴികെ’ വിമാനത്തിലെ മറ്റു സഹയാത്രികരോടെല്ലാം അസൗകര്യം നേരിട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പറഞ്ഞിരുന്നു.
I did this for my hero…
I did it for Rohit pic.twitter.com/aMSdiTanHo— Kunal Kamra (@kunalkamra88) January 28, 2020











Leave a Reply