ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ വീണ്ടും മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ അപ്രതീക്ഷിത പരിശോധനയുമായി ഗ്യാങ്മാസ്റ്റേഴ്സും ലേബർ ദുരുപയോഗ അതോറിറ്റി ഉദ്യോഗസ്ഥരും. റൂമിൽ താമസിക്കുന്ന ആളുകൾക്ക് നോട്ടീസ് നൽകിയാണ് അധികൃതർ പരിശോധന നടത്തിയത്. കാരണം വ്യകതമാക്കിയെത്തിയ അധികൃതർക്ക് മുൻപിൽ പരിശോധനയ്ക്ക് വീട്ടുകാർ സമ്മതിക്കുകയായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് സർക്കാർ ഏജൻസിയായ ഗ്യാങ്മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി നോട്ടിസിൽ പറയുന്നുണ്ട്.
എൻഫോഴ്സ്മെന്റ് സംഘം സമാനമായ രീതിയിൽ ലിവർപൂളിലെ ഒരു വീട്ടിൽ പരിശോധന നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് വീട്ടിലേക്ക് പ്രവേശിക്കുന്നതിന് യുകെയിലെ ബന്ധപ്പെട്ട കോടതിയിൽ നിന്ന് മുൻകൂർ സമ്മതം ലഭിച്ചതായയും നോട്ടീസ് വ്യക്തമാക്കുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് പുറത്ത് വരുന്ന വിവരം. അനധികൃതമായി താമസിക്കുന്നവരെയും അവർക്ക് ഇടം നൽകുന്ന ആളുകൾക്കെതിരെയും നടപടിയെടുക്കാനാണ് നീക്കം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയുന്ന സാഹചര്യത്തിലാണ് നടപടി കൈക്കൊള്ളാൻ അധികൃതർ ഒരുങ്ങുന്നത്.
കൃത്യമായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുന്ന നിരവധി ആളുകൾ യുകെയിലുണ്ട്. ഇവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. അന്യായമായി ആളുകൾക്ക് താമസിക്കാൻ സൗകര്യം നൽകുന്ന വീട്ടുടമകൾക്ക് സിവിൽ പെനാൽറ്റി/ വർക്ക് ക്ലോഷർ നോട്ടീസ് എന്നീ നടപടികൾ സ്വീകരിക്കുന്നതിനു കാരണമാകും. പലവിധ കാരണങ്ങളാണ് റെയ്ഡിന് പിന്നില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഒന്നെങ്കിൽ വിദ്യാർത്ഥികളുടെ വിസയുടെ പ്രശ്നങ്ങളും, അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്പോൺസറിങ് കാരണവും റെയ്ഡ് ഉണ്ടാകാമെന്നും നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Leave a Reply