ആലപ്പുഴ വെണ്മണിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരെ വിശാഖപട്ടണത്തുവച്ച് ആർപിഎഫ് പിടികൂടുകയായിരുന്നു. വീട്ടിൽനിന്ന് കാണാതായ സ്വർണവും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. പ്രതികളെ ഉടൻ കേരളപൊലീസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു

കോറമണ്ഡൽ എക്സ്പ്രസിൽ ഹൗറയിലേക്കുള്ള യാത്രാമധ്യേയാണ് പ്രതികൾ കുടുങ്ങിയത്. എസ് വൺ കോച്ചിൽ യാത്രചെയ്തിരുന്ന ഇരുവരെയും വിശാഖപട്ടണത്തുവച്ച് ആർപിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്ന് സ്വർണം കണ്ടെത്തിയതായും, ഇതിന്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ലെന്നും ആർപിഎഫ് അറിയിച്ചു. ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽനിന്ന് കവർന്ന സ്വർണമാണിതെന്നാണ് നിഗമനം. കവർച്ചാശ്രമത്തിനിടെ ഇരട്ടകൊലപാതകം നടത്തിയ പ്രതികൾ, സംസ്ഥാനം വിട്ടേക്കാമെന്നു പൊലീസിന് ആദ്യമേ സൂചനയുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യം കസ്റ്റഡിയിലെടുത്ത രണ്ട് ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. തുടർന്ന് ലുക് ഔട്ട് നോട്ടീസ് ഇറക്കി അന്വേഷണം ഊർജിതമാക്കി മണിക്കൂറുകൾക്കകമാണ് പ്രതികൾ വലയിലായത്. നടപടികൾ പൂർത്തിയാക്കി കേരളപൊലീസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് എഴുപത്തിയഞ്ചുകാരനായ ചെറിയാനെയും, ഭാര്യ ലില്ലിയെയും വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽതന്നെ കവർച്ചശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിടിയിലായവർ നേരിട്ടാണോ കൃത്യംനടത്തിയത്, മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനി ഉത്തരം ലഭിക്കണം.