ആലപ്പുഴ എടത്വയില്‍ കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫിസര്‍ എം.ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നല്കിയ ഏഴ് കള്ളനോട്ടുകള്‍ ഒരാള്‍ ബാങ്കില്‍ നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 500 രൂപയുടെ നോട്ടുകളാണ് മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്ന ഇയാള്‍ ബാങ്കില്‍ നല്‍കിയത്. ബാങ്ക് അധികൃതര്‍ നല്കിയ വിവരം അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിഷയുടെ തട്ടിപ്പ് വെളിപ്പെട്ടത്.
ബാങ്കില്‍ കള്ളനോട്ടുകള്‍ നല്കിയ ആള്‍ക്ക് ഇക്കാര്യത്തില്‍ അറിവില്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് നോട്ട് തന്ന ആളിലേക്ക് അന്വേഷണം നീണ്ടത്. ഈ കള്ളനോട്ടുകളുടെ ഉറവിടം ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ നോട്ടുകള്‍ കൈവശമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാന്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
നേരത്തെയും ജിഷയ്ക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചെന്നും മുന്‍ ഓഫീസില്‍ ക്രമക്കേട് നടത്തിയെന്നും ഉള്‍പ്പെടെയായിരുന്നു ആരോപണങ്ങള്‍. ആലപ്പുഴ കളരിക്കല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോള്‍.
Leave a Reply