ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ലോക വൈദ്യശാസ്ത്രങ്ങളിൽ അതിപുരാതനവും ഭാരതത്തിന്റെ സംഭവനയുമാണ് ആയുർവ്വേദം. ഒരുവൻ ജനിക്കുമ്പോൾ മുതൽ മരിക്കും വരെ രോഗ രഹിതമായി ജീവിക്കുന്നതിനു ആവശ്യമായത് എല്ലാം ഈ ആരോഗ്യ രക്ഷാ ശാസ്ത്രത്തിൽ വിശദമാക്കുന്നുണ്ട്.

ആഹാരം നിദ്ര വ്യായാമം എന്നിവ ആരോഗ്യ രക്ഷയുടെ അടിസ്ഥാനങ്ങളായിട്ട് ആയുർവ്വേദം പറയുന്നു. ഇന്ന് രോഗങ്ങൾ ഏറെയും ജീവിതശൈലിയിലെ തകരാറുകൾ മൂലമാണ് എന്നത് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. ആഹാരം എപ്പോൾ, എന്തെല്ലാം, എങ്ങനെ, എത്രമാത്രം എന്നൊക്കെ വിശദമായി ചർച്ച ചെയ്യപ്പെടുന്നതും ആയുർവേദതിന്റെ മാത്രം പ്രത്യേകതയാണ്.
പോഷകസമൃദ്ധമാകണം ആഹാരമെന്നത് നമുക്കെല്ലാം അറിവുള്ളതാണ്. സമീകൃതവുമാകണ ആഹാരമെന്നതിനും സംശയം ഇല്ല. സമീകൃതാഹാരമെന്നത് ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ഷഡ് രസ സമ്പന്നമായിരിക്കണം. സ്വാദ് അമ്ല ലവണ തിക്ത ഊഷണ കാഷായ എന്നിവയാണവ. ഇവയുടെ പ്രത്യേക പഞ്ചഭൂത ഘടന, പൃഥ്‌വി ജലം അഗ്നി വായു ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന വാത പിത്ത കഫങ്ങൾ എന്ന മൂന്നു ദോഷങ്ങൾ നിയന്ത്രിതമായി സമ അവസ്ഥയിൽ നില നിർത്താൻ സഹായിക്കുന്നു. സമാന ഗുണങ്ങൾ കൊണ്ട് വർദ്ധനയും വിപരീത ഗുണം കൊണ്ട് ക്ഷയവും വരുത്തുന്നു.

ഒരു ദ്രവ്യത്തിന്റെ രസമെന്നപോലെ ഗുണം വീര്യം വ്യാപകം പ്രഭാവം എന്നിവയും അതിന്റെ പ്രവർത്തതിന് കാരണം ആകും. ഗുരു മന്ദ ഹിമ സ്നിഗ്ധ ശ്ലഷ്ണ സാന്ദ്ര മൃദു സ്ഥിര സൂക്ഷ്മ വിശദ എന്നീ പത്തു ഗുണങ്ങളും അവയുടെ വിപരീതങ്ങളായ പത്തു കൂടി ചേർത്തുള്ള ഇരുപതു ഗുണങ്ങളും ഒരു ദ്രവ്യത്തിന്റെ പ്രവർത്തനത്തിൽ പങ്കു വഹിക്കുന്നു. ഉഷ്ണം ശീതം എന്നുള്ള രണ്ടു തരം വീര്യം, മധുരം അമ്ലം കടു എന്ന് മൂന്നു തരം വിപാക രസവും, ഓരോ ദ്രവ്യത്തിലും അടങ്ങിയ പ്രത്യേക സ്വഭാവവും അതിന്റെ പ്രവർത്തനത്തിൽ നിർണായക പങ്കു വഹിക്കുന്നു.

നാം കഴിക്കുന്ന ആഹാരം ശരിയായി ദഹിച്ചു, ശരീത്തിനാവശ്യം ആയവ ആഗീരണം ചെയ്കയും, അവശേഷിക്കുന്നവ പുറത്തു കളയുകയും ചെയ്യുന്ന ദഹന വിസർജ്ജന പ്രക്രിയ നിർവഹിക്കുന്നത് വാത പിത്ത കഫങ്ങളായ ത്രിദോഷങ്ങളുടെ സന്തുലിതമായ പ്രവർത്തനം മൂലം ആകുന്നു.
ആഹാരത്തിൽ നിന്നുണ്ടാകുന്ന രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ സപ്തധാതുക്കൾ ശരീരത്തെ ആരോഗ്യ പൂർണമായും രോഗത്തെ പ്രതിരോധിച്ചും സംരക്ഷിക്കുന്നു. മലം മൂത്രം വിയർപ്പ് എന്നീ മൂന്നു മാലിന്യങ്ങളും ആവശ്യമായ സമയത്തു പുറത്തു കളയാൻ ഇടയാക്കുന്നതും ത്രിദോഷങ്ങളുടെ പ്രവർത്തനത്താലാണ്.

പ്രാതലും അത്താഴവുമെന്ന രണ്ടു നേരത്തെ ഭക്ഷണം ആയിരുന്നു മുമ്പ്. ഇന്ന് എപ്പോഴൊക്കെ വേണമെങ്കിലും ആഹാരം ആകാമെന്നായി. അകാലത്തിൽ, അസമയത്ത് അധികമായോ അല്പമായോ കഴിക്കുന്ന ആഹാരം ശരീരത്തിന് ഗുണകരം ആകില്ല. ആഹാരം കഴിച്ചതിനു മേൽ പിന്നെയും കഴിക്കുന്ന അദ്ധ്യശനം അനാരോഗ്യകരമായാണ് തീരുക.

അവനവന്റെ ശരീര പ്രകൃതിക്കും ദേശ കാലാവസ്ഥക്കനുസരിച്ചും ഉള്ള ആഹാരം കഴിക്കുന്നതും, ആരോഗ്യകരമായ വ്യായാമങ്ങളും വിനോദങ്ങളും പഞ്ചേന്ദ്രിയ വിഷയങ്ങളിൽ അമിതമായ ആസക്തിയില്ലാതെയും, സാത്വികമായും ക്ഷമാശീലനായും വ്യവസ്ഥാപിതം ആയവ അംഗീകരിച്ചുമുള്ള ജീവിതം നയിക്കുന്ന ഒരാൾക്ക് രോഗ ഭീതി വേണ്ടെന്നാണ് പറയപ്പെടുന്നത്.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154