കര്‍ണാടക രാഷ്ട്രീയത്തില്‍ ഇന്ന് യെഡിയൂരപ്പയ്ക്ക് അഗ്നിപരീക്ഷ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പയ്ക്ക് ഇന്ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. വിധാന്‍ സൗധയില്‍ ഇന്നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. നേരത്തെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടായിരുന്നു എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതും പിന്നീട് യെഡിയൂരപ്പ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും വിധാന്‍ സൗധയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പയ്ക്ക് സാധിക്കണം. ഇന്ന് 11 മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് ആരംഭിക്കുക. ബിജെപി എല്ലാവർക്കും വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് നൽകിയിട്ടില്ല.
നിലവിലെ അവസ്ഥയില്‍ ബിജെപി ക്യാമ്പും യെഡിയൂരപ്പയും ആശ്വാസത്തിലാണ്. തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. 17 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ സാഹചര്യത്തില്‍ നിയമസഭയുടെ ആകെ അംഗബലം 208 ആയി കുറയും. 105 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ ബിജെപി 106 പേരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ വിശ്വാസ വോട്ടെടുപ്പിനെ ബിജെപി ഭയക്കുന്നില്ല.
എന്നാല്‍, 17 വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ട സാഹചര്യത്തില്‍ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കും. 17 മണ്ഡലങ്ങളില്‍ ഒന്‍പത് സീറ്റിലെങ്കിലും ജയിച്ചാലേ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കൂ. അതേസമയം, 17 സീറ്റുകളില്‍ ശക്തമായ പോരാട്ടം നടത്തി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അത് നേട്ടമാകും.
കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ രമേഷ് കുമാര്‍ 17 വിമതരെ അയോഗ്യരാക്കിയത്. ഇവരെ അടുത്ത നിയമസഭാ കാലഘട്ടം വരെ അയോഗ്യരാക്കിയിട്ടുണ്ട്. അതായത് ഈ നിയമസഭയില്‍ ഇനി അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് അംഗങ്ങളാകാന്‍ സാധിക്കില്ല.
Leave a Reply