ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിർമ്മിത ബുദ്ധി പ്രചാരത്തിലാകുന്നതോടെ തൊഴിൽ മേഖലകളിൽ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ട് വളരെ നാളുകളായി. ഡ്രൈവർ ഇല്ലാത്ത കാറുകളും മറ്റും വ്യാപകമായ രീതിയിൽ പ്രചാരത്തിലാകുന്നതോടെ അനേകം പേരുടെ തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്നാണ് വ്യാപകമായി വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലേക്കും നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റം വ്യാപകമായിട്ടുണ്ട്. വിദ്യാർത്ഥികളുടെ നിലവാരം അനുസരിച്ച് സ്വയം പ്രതികരിക്കുന്ന ട്രെയിനിങ് പ്ലാറ്റ്ഫോമുകൾ വ്യാപകമായി പ്രചാരത്തിലാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എന്നാൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മൂലമുള്ള തൊഴിൽ നഷ്ടങ്ങളെ കുറിച്ച് വിഷമിക്കുന്നതിനു പകരം നിർമ്മിത ബുദ്ധിയുടെ സാങ്കേതികവിദ്യ എത്രമാത്രം സ്വന്തം തൊഴിൽമേഖലയുടെ കാര്യക്ഷമത കൂട്ടാൻ ഉപയോഗിക്കാമെന്ന് ചിന്തിക്കണം എന്ന അഭിപ്രായവും ശക്തമാണ്. ബ്രിട്ടനിലെ ഏകദേശം മൂന്നിൽ രണ്ട് ജോലികളും ഈ രീതിയിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഗൂഗിൾ അവകാശപ്പെട്ടു. ഈ രീതിയിൽ കാര്യക്ഷമത കൂട്ടാനുള്ള പിന്തുണ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗൂഗിൾ പറഞ്ഞു.
നിലവിൽ യുകെയിലെ 50 ശതമാനം ആളുകളും സാങ്കേതികവിദ്യ തങ്ങളുടെ ജോലിസ്ഥലത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ Al അവതരിക്കുന്നതോടെ ചുരുക്കം ചില ജോലികൾ പൂർണ്ണമായും ഘട്ടം ഘട്ടമായി ഇല്ലാതാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജനറേറ്റീവ് Al ടൂളുകൾ ഉപയോഗിച്ച് പല ക്ലെറിക്കൽ ജോലികളും എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. ജനറേറ്റീവ് AI ഉപയോഗിച്ച് ഒരു ശരാശരി ബ്രിട്ടീഷ് തൊഴിലാളിക്ക് വർഷത്തിൽ 100 മണിക്കൂർ ലാഭിക്കാൻ കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്.
Leave a Reply