ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഏകദേശം 30 ലക്ഷം തൊഴിലുകൾ 2035ഓടെ എ.ഐയും ഓട്ടോമേഷൻ സംവിധാനങ്ങളും കാരണം ഇല്ലാതാകാനിടയുണ്ടെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ എജുക്കേഷണൽ റിസർച്ച് (NFER) നടത്തിയ പഠനത്തിൽ കണ്ടെത്തി. ട്രേഡ് ജോലികൾ, മെഷീൻ ഓപ്പറേഷൻ, ഓഫീസിലുളള അഡ്മിനിസ്ട്രേറ്റീവ് ജോലി എന്നിവയാണ് ഏറ്റവും കൂടുതൽ അപകട സാധ്യത നേരിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഉയർന്ന നൈപുണ്യമുള്ള പ്രൊഫഷണൽ രംഗങ്ങളിൽ എ.ഐ വളർച്ച മൂലം ആവശ്യകത വർധിക്കുമെന്നും പഠനം വിലയിരുത്തുന്നു.

എന്നാൽ പുതിയ കണ്ടെത്തലുകൾ മറ്റ് പഠനങ്ങളോട് വ്യത്യസ്തമാണ്. ചില ഗവേഷണങ്ങൾ സൂചിപ്പിച്ചതനുസരിച്ച് സോഫ്റ്റ്‌വെയർ എഞ്ചിനിയറിംഗ്, മാനേജ്മെന്റ് കൺസൾട്ടിങ് പോലുള്ള ഉയർന്ന ശമ്പള ജോലികൾക്കാണ് എ.ഐ മൂലം തൊഴിൽ സാധ്യത ഇല്ലാതാകുക എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കിങ്സ് കോളേജ് നടത്തിയ പഠന പ്രകാരം 2021–25 കാലയളവിൽ ഉയർന്ന ശമ്പള തസ്തികകളിൽ ഏകദേശം 9.4% ജോലി നഷ്ടമായതായി കണ്ടെത്തിയിരുന്നു. അതേസമയം, റൂഫർമാർ, കെട്ടിട തൊഴിലാളികൾ, സ്പോർട്സ് പ്ലെയേഴ്സ് എന്നിവരെ എ.ഐ മാറ്റിസ്ഥാപിക്കാനുള്ള സാധ്യത കുറവാണ് .

എ.ഐയെ അധികരിച്ചു തൊഴിൽ നഷ്ടം ചർച്ച ചെയ്യുന്നത് അതിശയോക്തിപരമാണെന്നു എൻ എഫ് ഇ ആർ റിപ്പോർട്ട് തയ്യാറാക്കിയ ജൂഡ് ഹില്ലറി പറഞ്ഞു. യുകെയിലെ മന്ദഗതിയിലുള്ള സാമ്പത്തിക സാഹചര്യം, തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടെ ജാഗ്രത, മറ്റു ചെലവുകൾ എന്നിവയും ഇപ്പോഴത്തെ പിരിച്ചുവിടലുകൾക്ക് കാരണമാകാം എന്ന് അദ്ദേഹം സൂചിപ്പിച്ചു. എ.ഐയുടെ വളർച്ചയിൽ ചില പ്രൊഫഷണൽ ജോലികൾ കൂടും. പക്ഷേ താഴ്ന്ന നൈപുണ്യമുള്ള ജോലികൾ കുറയുമെന്നും, ഇവയിലുണ്ടാകുന്ന നഷ്ടം പൂർണമായി നികത്താൻ പലർക്കും പുനർപരിശീലനം നേടുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.











Leave a Reply