ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വെറും 30 മണിക്കൂറിനുള്ളിൽ 81 വർഷത്തെ പോലീസിന്റെ അന്വേഷണം പൂർത്തിയാക്കാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ബ്രിട്ടൻ ഉപയോഗിക്കാൻ തുടങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ രാജ്യത്തെ ചില കുപ്രസിദ്ധമായ തെളിയാത്ത കേസുകൾ പരിഹരിക്കാൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്. സോസ് ടൂൾ എന്നാണ് ഈ സാങ്കേതികവിദ്യയ്ക്ക് നൽകിയിരിക്കുന്ന പേര്.


ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ ദൃശ്യങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സോഷ്യൽ മീഡിയ, ഈമെയിലുകൾ മറ്റ് ഡോക്യുമെൻ്റ്സ് എന്നിവ ഒരേസമയം വിശകലനം ചെയ്യാൻ സാധിക്കും. വെറും 30 മണിക്കൂറിനുള്ളിൽ 27 സങ്കീർണമായ കേസുകളുടെ തെളിവുകൾ അവലോകനം ചെയ്യാൻ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത്രയും ജോലി ഒരു മനുഷ്യൻ ചെയ്യുന്നതിന് 81 വർഷം വരെ എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പരിഹരിക്കപ്പെടാത്തതുമായ ചില കേസുകൾ അവസാനിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ദേശീയ പോലീസ് മേധാവികളുടെ കൗൺസിൽ ചെയർ ഗാവിൻ സ്റ്റീഫൻസ് പറഞ്ഞു. യുകെയിലെ പോലീസ് സേനാംഗങ്ങളിൽ പലരും ഇതുവരെ പരിഹരിക്കപ്പെടാത്ത കൊലപാതകം ഉൾപ്പെടെ ഒട്ടനവധി കുറ്റകൃത്യങ്ങൾ തെളിയിക്കാനായി വളരെ നാളുകളായി പ്രവർത്തിക്കുകയാണെന്ന മാധ്യമ റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിരുന്നു. ഈ ഒരു സാഹചര്യത്തിൽ പുതിയ സാങ്കേതികവിദ്യ തെളിയിക്കപ്പെടാത്ത കേസുകളിൽ ഉത്തരം കണ്ടെത്താൻ പ്രയോജനപ്രദം ആകുമെന്നാണ് വിലയിരുത്തുന്നത്. ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ സാങ്കേതികവിദ്യയെ ഏൽപ്പിക്കുകയല്ല മറിച്ച് കൂടുതൽ നന്നായി ജോലി ചെയ്യാൻ സാങ്കേതികവിദ്യ ഞങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത് എന്ന് ദേശീയ പോലീസ് മേധാവികളുടെ കൗൺസിൽ ചെയർ ഗാവിൻ സ്റ്റീഫൻസ് പറഞ്ഞു.