ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ ഫ്ലക്സ് ബോർഡ് വീണ് യുവതി മരിച്ച സംഭവത്തിനു പിന്നാലെ പാർട്ടിയുടെ കൊടിമരം ഒഴിവാക്കി സ്കൂട്ടർ ഓടിച്ച യുവതിക്ക് നാഷണൽ പെർമിറ്റ് ലോറി തട്ടി ഗുരുതരപരിക്ക്. കോയമ്പത്തൂരിൽ അവിനാഷ് റോഡിൽ തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു സംഭവം. എംബിഎ ബുരുദധാരിയായ അനുരാധ രാജശ്രീക്കാണ് (30) പരിക്കേറ്റത്. സ്കൂട്ടറിൽ കോയമ്പത്തൂർ ഗോകുലം പാർക്കിലെ ഓഫീസിലേക്കുപോകുമ്പോൾ ആയിരുന്നു അപകടം. ദേശീയപാതയിൽ വീണുകിടന്ന അണ്ണാഡിഎംകെയുടെ കൊടിമരത്തിൽ തട്ടാതിരിക്കാൻ ശ്രമിക്കുമ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു.
റോഡിലേക്ക് വീണ അനുരാധയുടെ മുകളിലൂടെ ലോറി കയറിയിറങ്ങി. അനുരാധയുടെ രണ്ട് കാലുകളിലൂടെയുമാണ് ലോറി കയറിയിറങ്ങിയത്. അമിത വേഗതയിലായിരുന്നു ലോറി. ഗുരുതരപരിക്കേറ്റ അനുരാധയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ ഏകമകളാണ് അനുരാധ. അപകടമുണ്ടാക്കിയ ലോറി മറ്റൊരു ബൈക്കിലും തട്ടി. ബൈക്ക് യാത്രക്കാരന് കൈയ്ക്കും കാലിനും പരിക്കേറ്റു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെപ്റ്റംബറിൽ ചെന്നൈയിൽ ഫ്ലക്സ് ബോർഡ് വീണ് സോഫ്റ്റ്വെയർ എൻജിനിയറായ യുവതി മരിച്ചത് വിവാദമായിരുന്നു. അണ്ണാഡിഎംകെ നേതാവ് ജയഗോപാലിന്റെ മകന്റെ വിവാഹപരസ്യ ബോര്‍ഡ് വീണാണ് സ്കൂട്ടര്‍ യാത്രക്കാരിയായിരുന്ന സോഫ്റ്റ്വെയർ എൻജിനിയർ ശുഭശ്രീ മരിച്ചത്. ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഐഎൽടിസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പല്ലാവരം റോഡിന് സമീപത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ശുഭശ്രീയുടെ സ്കൂട്ടറിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു.
Leave a Reply