സിപിഐ എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി സിപിഐ എം അന്താരാഷ്ട്ര ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എ.ഐ.സി), ബ്രിട്ടൺ & അയർലണ്ട് അതിന്റെ ഇരുപതാം ദേശീയ സമ്മേളനത്തിന് ഒരുങ്ങി. സമ്മേളനത്തിനു മുന്നോടിയായുള്ള പതാക ജാഥ മാർച്ച് 9 രാവിലെ 11 മണിക്ക് ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലെ കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്നും ആരംഭിക്കും. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധവാലെ സമ്മേളനത്തിൽ പങ്കെടുക്കും.
എ.ഐ.സിയുടെ ദേശീയ സമ്മേളനം മാർച്ച് 15 , 16 തീയ്യതികളിൽ ലണ്ടൻ സൗത്താളിലെ സീതാറാം യെച്ചൂരി നഗറിൽ ചേരും. ബ്രിട്ടനിലെയും അയര്ലണ്ടിലെയും ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കഴിഞ്ഞ മൂന്നു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനോടൊപ്പം അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് പ്രായോഗികമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്ക്കുകയും, അടുത്ത സമ്മേളനം വരെ പാർട്ടിയെ നയിക്കാനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുക്കുകയും പുതിയ പ്രാദേശിക ഘടകങ്ങൾക്കും സമ്മേളനം രൂപം നൽകുകയും ചെയ്യും.
ഹർകിഷൻസുർജീത്തിന്റെ മാർഗ്ഗനിർദ്ദേശ്ശത്തിൽ 1967ൽ സ്ഥാപിതമായ എ.ഐ.സി , സിപിഐ എം കേന്ദ്രക്കമ്മിറ്റിയുടെയും പൊളിറ്റ് ബ്യുറോയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചു പാർട്ടിയുടെ നയപരിപാടികൾ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നു. സംഘടനയുടെ ദേശിയ സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ ബ്രിട്ടനിലും അയർലണ്ടിലും നടന്നുവരികയാണ്. കഴിഞ്ഞകാലപ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളും സമ്മേളനത്തിൽ വിശദമായ ചർച്ചകൾക്ക് വിധേയമാവുന്നുണ്ട്. എ.ഐ.സി ദേശീയ സമ്മേളനത്തിലേക്ക് എല്ലാ പ്രതിനിധികളെയും സീതാറാം യെച്ചൂരി നഗറിലേക്ക് സ്വാഗതം ചെയ്യുതായി സംഘാടക സമിതി അംഗങ്ങളായ സഖാക്കൾ ഹർസേവ് ബെയ്‌ൻസ് , ബിനോജ് ജോൺ, പ്രീത് ബെയ്‌ൻസ് എന്നിവർ അറിയിച്ചു.
Leave a Reply