പാകിസ്താന്റേതെന്നു കരുതി സ്വന്തം ഹെലികോപ്റ്റർ മിസ്സൈലുതിർത്ത് വീഴ്ത്തിയ ഇന്ത്യൻ എയർഫോഴ്സിന്റെ നടപടി ‘വലിയ അബദ്ധ’മായിരുന്നെന്ന് വ്യോമസേനാ തലവൻ രാകേഷ് കുമാർ സിങ് ഭദോരിയ. ഫെബ്രുവരി 27നായിരുന്നു ശ്രീനഗറിനു മുകളിലൂടെ പറക്കുകയായിരുന്ന എംഐ-17 വി5 ഹെലികോപ്റ്ററിനു നേരെ മിസ്സൈലുതിർത്തത്. ആറ് വ്യോമസേനാ ഉദ്യോഗസ്ഥർ ഈ സംഭവത്തിൽ മരിച്ചു. ഒരു ശ്രീനഗർ സ്വദേശിയും കൊല്ലപ്പെടുകയുണ്ടായി. ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെയാണ് ഈ സംഭവമുണ്ടായത്. ശ്രീനഗറിലെ ബുദ്ഗാമിലാണ് ഹെലികോപ്റ്റർ വെടിയേറ്റ് തകർന്നുവീണ് കത്തിയത്.
“നമ്മുടെ മിസ്സൈലാണ് ഹെല്കോപ്റ്ററിനെ വീഴ്ത്തിയതെന്ന് അന്വേഷണത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വകുപ്പുതല നടപടികളും അച്ചടക്ക നടപടിയും എടുത്തിട്ടുണ്ട്. അതൊരു വലിയ അബദ്ധമായിരുന്നു. ഞങ്ങളത് സമ്മതിക്കുന്നു,” വ്യോമസേനാ മേധാവി പറഞ്ഞു.
രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്. ഇസ്രയേൽനിർമിത സ്പൈഡർ മിസൈൽ തൊടുത്താണ് ഇവർ കോപ്റ്റർ വീഴ്ത്തിയത്.
മിസ്സൈൽ തൊടുക്കാനുള്ള ഉത്തരവു നൽകാൻ വ്യോമതാവളത്തിലെ ടെർമിനൽ വെപ്പൺ ഡയറക്ടർ പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ് അധികാരം . വ്യോമതാവളത്തിന്റെ ചുമതലയുള്ള എയർ ഓഫീസർ കമാൻഡിങ്, രണ്ടാമനായ ചീഫ് ഓപ്പറേഷൻസ് ഓഫീസർ എന്നിവർ മാറിമാറിയാണ് ഈ പദവി വഹിക്കുക. ഹെലികോപ്റ്റർ തകർന്ന സംഭവം നടക്കുമ്പോൾ ചീഫ് ഓപ്പറേഷൻസ് ഓഫീസറായിരുന്നു ഈ പദവി വഹിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.
Leave a Reply