ലണ്ടന്‍: വായു മലിനീകരണം രൂക്ഷമായ വന്‍ നഗരങ്ങളില്‍ നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നവര്‍ ശുദ്ധവായു ശ്വസിച്ച് കുറച്ചു ദിവസങ്ങള്‍ ചെലവഴിക്കാന്‍ ക്രൂസ് ഷിപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ ആഡംബര കപ്പലുകളിലെ വായുവിന്റെ നിലവാരം അത്ര മികച്ചതാണോ? അല്ലെന്നാണ് ചാനല്‍ 4 നടത്തിയ പഠനം വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് ഓപ്പറേറ്ററായ പി ആന്‍ഡ് ഓ ക്രൂസസില്‍ നടത്തിയ രഹസ്യ ദൗത്യത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഏറ്റവും മലിനീകരിക്കപ്പെട്ട വന്‍നഗരങ്ങളേക്കാള്‍ ഇത്തരം കപ്പലുകളുടെ ഡെക്കുകള്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തിയത്.
കപ്പലുകളുടെ എന്‍ജിനുകള്‍ പുറന്തള്ളുന്ന പുകയിലെ ഏറ്റവും ചെറിയ കണികകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വിട്ടത്. ഒരു ദിവസം പത്ത്ലക്ഷം കാറുകള്‍ പുറന്തള്ളുന്ന അത്രയും മാലിന്യം ഒരു ക്രൂസ് ഷിപ്പ് മാത്രം പുറത്തുവിടുന്നുണ്ട്. പരിസ്ഥിതിക്ക് വളരെയേറെ ദോഷം വരുത്തിവെക്കുന്ന ഒന്നാണ് ഈ പുകയെന്ന് പഠനം പറയുന്നു. ക്രൂസ് ഷിപ്പുകള്‍ ഇപ്പോള്‍ കൂടുതല്‍ ജനപ്രീതി ആര്‍ജിച്ചു വരികയാണ്. ഓരോ വര്‍ഷവും 20 ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ ക്രൂസുകള്‍ ആസ്വദിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
പി-ട്രാക്ക് അള്‍ട്രാ ഫൈന്‍ പാര്‍ട്ടിക്കിള്‍ കൗണ്ടര്‍ എന്ന ഉപകരണം ഉപയോഗിച്ച് ഓഷ്യാന എന്ന കപ്പലിലാണ് പഠനം നടത്തിയത്. കപ്പലിന്റെ ഡെക്കില്‍ ക്യുബിക് സെന്റീമീറ്ററില്‍ 84,000 പാര്‍ട്ടിക്കിളുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഫണലുകള്‍ക്ക് അടുത്ത് ഇത് 1,44,000 പാര്‍ട്ടിക്കിളുകളും ചില സമയത്ത് 2,26,000 പാര്‍ട്ടിക്കിളുകളുമായി ഉയര്‍ന്നു. സെന്‍ട്രല്‍ ലണ്ടനിലെ പിക്കാഡിലി സര്‍ക്കസില്‍ രേഖപ്പെടുത്തിയ ശരാശരിയുടെ ഇരട്ടിയാണ് ഇത്. ഇതേ ഉപകരണം ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ 38,400 പാര്‍ട്ടിക്കിളുകള്‍ മാത്രമാണ് മലിനീകരണത്തില്‍ കുപ്രസിദ്ധി നേടിയ ലണ്ടന്‍ നഗരത്തിലെ ഏറ്റവും ഗതാഗതമുള്ള ഭാഗത്ത് രേഖപ്പെടുത്തിയത്.
Leave a Reply