നട്ട് അലര്‍ജിയുള്ള 13കാരന്റെ ജീവന് വില കല്‍പ്പിക്കാതെ വിമാന ജീവനക്കാര്‍. നട്ട്‌സ് അടങ്ങിയ സ്‌നാക്‌സ് വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും വിമാനജീവനക്കാര്‍ അംഗീകരിച്ചില്ലെന്നാണ് പരാതി. ഐസക് വെസ്റ്റണ്‍ എന്ന 13 കാരനും കുടുംബവും വിമാന ജീവനക്കാര്‍ ഈ വിധത്തില്‍ പെരുമാറിയതോടെ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു വിവാഹത്തിന് പെറുവിലെത്തിയ കുടുംബം തിരികെ യുകെയിലേക്ക് യാത്രക്കായി എത്തിയപ്പോളായിരുന്നു സംഭവം. ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കുട്ടിയുടെ അലര്‍ജിയെക്കുറിച്ച് ജീവനക്കാരോട് പറഞ്ഞിട്ടും മറ്റു യാത്രക്കാരെ ഇത് പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കാതെ നട്ട്‌സ് അടങ്ങിയ സ്‌നാക്‌സ് വിതരണം തുടരുകയായിരുന്നു അവര്‍ എന്ന് വെസ്റ്റണ്‍ കുടുംബം കുറ്റപ്പെടുത്തുന്നു.
നട്ട്‌സില്‍ സ്പര്‍ശിച്ചാല്‍ പോലും അലര്‍ജി അറ്റാക്കുണ്ടാകുന്ന വിധത്തില്‍ മോശമാണ് ഐസക്കിന്റെ ആരോഗ്യാവസ്ഥ. ഇതു മൂലം കുടുംബം എല്ലായ്‌പോഴം ഒരു എപ്പിപെന്‍ ഒപ്പം കരുതാറുണ്ട്. കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ യാത്രക്കാരോട് നട്ട്‌സ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടാറുണ്ടെന്നും മറ്റു വിമാനങ്ങളില്‍ അത് എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും ഐസക്കിന്റെ സഹോദരിയായ ലിയോണ പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലെ ജീവനക്കാരി പറഞ്ഞത് സ്‌നാക്‌സ് വിതരണം നിര്‍ത്തുന്നത് കമ്പനി നയത്തിന് വിരുദ്ധമാണെന്നാണ്. കുട്ടി മരിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് വിശദീകരിച്ചപ്പോള്‍ അത്ര ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു മറുപടിയെന്നും ലിയോണ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 29ന് ലിമ വിമാനത്താവളത്തില്‍ നിന്ന് ഗാറ്റ് വിക്കിലേക്കായിരുന്നു ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. പിന്നീട് ലാതാം എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. ഈ വിമാനത്തില്‍ നട്ട് അലര്‍ജി അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. ഇതിനു വേണ്ടി 6000 പൗണ്ട് അധികമായി ചെലവായെന്നും കുടുംബം അറിയിച്ചു. സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കമ്പനി പ്രതികരിച്ചിട്ടില്ല.
Leave a Reply