ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇലക്ട്രിക് സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി മുടങ്ങി ഹീത്രു എയർപോർട്ട് അടച്ചിടേണ്ടി വന്ന സംഭവം വൻ നിയമനടപടികൾക്ക് വഴിവെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ദിവസം നീണ്ടുനിന്ന എയർപോർട്ട് അടച്ചിടലിനെ തുടർന്ന് തങ്ങൾക്ക് ഉണ്ടായ ചിലവുകളെ സംബന്ധിച്ച് ഒത്തു തീർപ്പിലേയ്ക്ക് എത്തിയില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിവിധ എയർലൈനുകൾ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 90ലധികം എയർലൈനുകളെ പ്രതിനിധീകരിക്കുന്ന സംയുക്ത കമ്മിറ്റിയാണ് വിവിധ എയർലൈനുകളുടെ കൂട്ടായ തീരുമാനം അറിയിച്ചിരിക്കുന്നത്.
വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങൾക്ക് ഉണ്ടായ നഷ്ടത്തിന് മതിയായ സഹായവും തിരിച്ചടവും ലഭിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഹീത്രൂ എയർലൈൻ ഓപ്പറേറ്റേഴ്‌സ് കമ്മിറ്റിയുടെ ചീഫ് എക്‌സിക്യുട്ടീവ് നൈജൽ വിക്കിംഗ് പറഞ്ഞു. ഹീത്രു എയർപോർട്ട് ഒരു ദിവസം മുഴുവൻ അടച്ചിടേണ്ടിവന്നത് കാര്യമായി മറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു. യാത്രക്കാർക്കുള്ള ചെലവുകൾ, ജീവനക്കാരുടെ താമസം, അധിക ഗതാഗതം, ഇന്ധനം, വിമാനത്തിനുള്ള മറ്റ് ചെലവുകൾ എന്നീ കാര്യങ്ങൾക്കായി അധികമായി ചിലവായ തുക നഷ്‌ടപരിഹാരമായി നൽകണമെന്നാണ് എയർലൈനുകൾ ആവിശ്യപെടുന്നത്.
ഇതിനിടെ വൈദ്യുത സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ എയർപോർട്ടിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടു. നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്ററുടെ (എൻഇഎസ്ഒ) നേതൃത്വത്തിലുള്ള അന്വേഷണം യുകെയുടെ ഊർജ്ജ പ്രതിരോധശേഷിയെ കുറിച്ച് വ്യക്തമായ ചിത്രം സൃഷ്ടിക്കുകയും ഇത്തരം സംഭവങ്ങൾ തടയുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് ഊർജ്ജ സുരക്ഷാ വകുപ്പും നെറ്റ് സീറോയും പറഞ്ഞു. പടിഞ്ഞാറൻ ലണ്ടനിലെ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം വെള്ളിയാഴ്ച ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കാനും ലോകമെമ്പാടും യാത്രക്കാർ കുടുങ്ങിക്കിടക്കാനും കാരണമായി.
തീപിടുത്തത്തെ തുടർന്നുണ്ടായ വൈദ്യുതി തടസ്സത്തിൽ 16,300-ലധികം വീടുകൾക്ക് വൈദ്യുതി തടസം നേരിടുകയും ചുറ്റുമുള്ള ഏകദേശം 150 പേരെ ഒഴിപ്പിക്കുകയും ചെയ്തു . തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും സംഭവത്തെ സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് മെറ്റ് പോലീസ് പറഞ്ഞു. ഹീത്രു എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് വരുമ്പോഴും ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ബദൽ സംവിധാനങ്ങളെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്നുവന്നിരിക്കുന്നത് . ഹീത്രു എയർപോർട്ടിൽ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയർപോർട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാൻ സാധിച്ചത്.
Leave a Reply