ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ചരിത്രത്തിൽ ഇടം നേടി. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്. 325 റണ്‍സിന് പുറത്തായ ഇന്ത്യയുടെ ഇന്നിംഗ്സിലെ മുഴുവൻ ബാറ്റർമാരും അജാസ് പട്ടേലിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
ഇന്നിംഗ്സിൽ 10 വിക്കറ്റുകളും നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ബൗളർ മാത്രമാണ് അജാസ്. ഇംഗ്ലണ്ട് സ്പിന്നർ ജിം ലേക്കർ, ഇന്ത്യയുടെ അനിൽ കുംബ്ലൈ എന്നിവരാണ് നേട്ടം കൊയ്ത മുൻഗാമികൾ. 47.5 ഓവർ പന്തെറിഞ്ഞ അജാസ് 119 റണ്‍സ് വഴങ്ങിയാണ് സുവർനേട്ടം കൈവരിച്ചത്.
അജാസ് പട്ടേലിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ. 10 വിക്കറ്റ് ക്ലബ്ബിലേക്ക് അജാസിന് സ്വാഗതമെന്ന് കുംബ്ലെ ട്വീറ്റ് ചെയ്തു. അജാസ് നന്നായി ബൗൾ ചെയ്തു. ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനങ്ങളിൽ പത്തുവിക്കറ്റ് നേട്ടം കൈവരിക്കുന്നത് മികവാണെന്നും കുംബ്ലെ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്.
ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ചുറി (150) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ പടുത്തുയർത്തിയത്. 17 ഫോറും നാല് സിക്സറുകളും പറത്തിയ മായങ്ക് ഏഴാമനായാണ് പുറത്തായത്. വാലറ്റത്ത് അക്ഷർ പട്ടേൽ പൊരുതി നേടിയ അർധ സെഞ്ചുറിയാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. അക്ഷർ 52 റണ്‍സ് നേടി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ തകർച്ച നേരിടുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15/2 എന്ന നിലയിലാണ് സന്ദർശകർ. ഓപ്പണർമാരായ ടോം ലാതം (10), വിൽ യംഗ് (4) എന്നിവരാണ് പുറത്തായത്. രണ്ടു വിക്കറ്റുകൾ പേസർ മുഹമ്മദ് സിറാജാണ് നേടിയത്.
Leave a Reply