സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ജൂൺ മാസം പതിനെട്ടാം തീയതി മാഞ്ചസ്റ്ററിൽ വച്ച് മരണമടഞ്ഞ യുകെ മലയാളി നേഴ്സ് അജിത ആൻ്റണി (31) യ്ക്ക് ക്രൂ, സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ യാത്രാമൊഴി. അജിതയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു.

മുൻപ് അറിയിച്ചിരുന്നതുപോലെ ഇന്ന്  രാവിലെ 11.30 ന് (യുകെ സമയം) ലില്ലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ബർമിംങ്ങ്ഹാമിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ അജിതയുടെ ഭൗതീക ദേഹം സംസ്‌കാര ചടങ്ങുകൾക്കായി  സ്റ്റോക്ക് ഓൺ ട്രെന്റ് പള്ളിയിലെത്തിച്ചു. തുടർന്ന് സീറോ മലബാർ രൂപതയുടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ്  എട്ടുപറയിൽ ഒപ്പം റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവർ ശുശ്രുഷകൾക്ക്  നേതൃത്വം വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. പ്രാർത്ഥനാ മധ്യേ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ അനുശോചന സന്ദേശം നൽകി. ദുഃഖാർത്ഥരായ അജിതയുടെ കുടുംബത്തെയും സഹോദരങ്ങളെയും ഒപ്പം തന്റെ ജീവന്റെ പാതിയായിരുന്ന ഭാര്യയ്ക്ക് ഒരു അന്ത്യചുംബനം പോലും നൽകാനാവാതെ ലൈവ് വീഡിയോ മാത്രം കാണാൻ വിധിക്കപ്പെട്ട ഭർത്താവ്… കോവിഡ് കാല ജീവിത സാഹചര്യങ്ങൾ… അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത രണ്ട് വയസുകാരൻ… എന്നിവരെയെല്ലാം സമർപ്പിച്ച് പ്രാർത്ഥനയിൽ ഓർത്ത് റവ.ഫാ.രഞ്ജിത്ത്..

തുടർന്ന് യുകെയിൽ തന്നെയുള്ള അജിതയുടെ സഹോദരിയുടെ നന്ദി പ്രകാശനം… തന്റെ കൂടെപ്പിറപ്പായ പ്രിയ സഹോദരിയുടെ വിയോഗത്തിൽ ദുഃഖം കടിച്ചമർത്തി പള്ളി മേടയിൽ എത്തി പറഞ്ഞു തുടങ്ങിയെങ്കിലും പലതും തൊണ്ടയിൽ കുരുങ്ങി… അജിതയുടെ മരണാന്തര ചടങ്ങിൽ ഒരുപിടി ഇംഗ്ലീഷുകാരും അപ്പോൾ പള്ളിയിൽ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഇംഗ്ലീഷുകാരിൽ ഒരാൾ കടന്നു വന്ന് ആശ്വസിപ്പിക്കുന്നതോടൊപ്പം നിന്നുപോയ നന്ദി പ്രകാശനം പൂർത്തീകരിക്കുന്ന സഹപ്രവർത്തകനായ ഇംഗ്ലീഷുകാരൻ… കാണുന്നവരുടെ പോലും കണ്ണ് നിറയുന്ന കാഴ്ചകൾ.. തങ്ങൾക്ക് അറിയാത്ത ഭാഷയിൽ നടക്കുന്ന അതും ഒന്നര മണിക്കൂർ നീണ്ട ശുശ്രുഷകൾ എല്ലാം സസൂഷ്‌മം കണ്ട ഇംഗ്ലീഷുകാർക്ക് നന്ദി പറഞ്ഞ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ..

12:45 ന് ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച് മൃതദേഹവുമായി ഫ്യൂണറൽ ഡയറക്ടർ ടീം  ക്രൂവിലേക്ക് പുറപ്പെട്ടു. തുടർന്ന് സെമിട്രിയിൽ സമാപന ശുശ്രൂഷകളും പൂർത്തിയാക്കി അജിതയുടെ സംസ്കാരം നടത്തപ്പെട്ടു. ജീവിച്ചിരിക്കെ കൂട്ടുകാരോട് തമാശയായി പറഞ്ഞ അജിതയുടെ വാക്കുകൾ അണുവിട തെറ്റാതെ പൂർത്തിയാവുകയായിരുന്നു… “ഞാൻ മരിക്കുമ്പോൾ എനിക്ക് തണുപ്പിൽ പുതച്ചു കിടക്കാൻ ആണ് ഇഷ്ടം എന്ന്… ” പ്രതീക്ഷകളുടെ ചിറകിൽ യുകെയിൽ പറന്നിറങ്ങിയ അജിത എന്ന മലയാളി നേഴ്സിന്റെ ശരീരം പ്രവാസി മണ്ണിൽ അലിഞ്ഞു ചേരുന്ന നിമിഷങ്ങൾ… ഒരു പിടി മലയാളികളുടെ ഹൃദയത്തിൽ മുറിപ്പാടുകൾ ഏൽപ്പിച്ചു എന്നത് നിസ് തർക്കമാണ്.

2021 ജനുവരിയിലാണ് അജിത ആൻ്റണി ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്തുള്ള ക്രൂവിലെത്തിയത്. യുകെയിലെത്തുന്നതിന് മുൻപ് അജിതയും ഭർത്താവ് കാർത്തിക്കും ഒരുമിച്ച് ഷാർജയിലായിരുന്നു. തുടർന്ന് മകൻ അയാൻ ജനിച്ചതിനെ തുടർന്ന് അജിത യു കെ യിലേയ്ക്ക് വരാനുള്ള തയാറെടുപ്പുകളുമായി നാട്ടിൽ തുടരുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അജിതയ്ക്ക് കോറോണ വൈറസ് എവിടെ വച്ച് കിട്ടിയെന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ അറിവില്ല. നാട്ടിൽ നിന്നും യുകെയിൽ എത്തി രണ്ടാഴ്ചയ്ക്കുള്ളിൽ അജിതയെ രോഗം ബാധിച്ചിരുന്നു. അജിതയുടെ അസുഖം കൂടുതലായതിനാൽ ആദ്യം ക്രൂവിലെ ലീറ്റൺ ഹോസ്പിറ്റലിലും തുടർന്ന് മാഞ്ചസ്റ്ററിലെ വിഥിൻഷോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ച് എക്മോ മെഷീന്റെ സഹായത്താൽ തുടർചികിത്സ… അജിത കോവിഡ് മുക്തി നേടിയെങ്കിലും ശ്വാസകോശത്തിൽ കൊറോണയേൽപ്പിച്ച പ്രഹരം വലുതായിരുന്നു. പിന്നീട് പലപ്പോഴും സൂം വീഡിയോ വഴി നാട്ടിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ കണ്ണീർ പൊഴിക്കുന്ന ഒരു അജിതയുടെ ചിത്രം ചികിൽസിച്ചിരുന്ന നേഴ്‌സുമാരുടെ ഹൃദയം പിളർക്കുന്ന വേദനയായി…

അജിത ജീവിതത്തിലേക്ക് തിരികെ വരുമെന്ന നേരിയ പ്രതീക്ഷ ആശുപത്രി അധികൃതർ വച്ച് പുലർത്തിയിരുന്നു.  ഏകദേശം അഞ്ച് മാസക്കാലം  ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജിത ജൂൺ പതിനെട്ടിന് പുലർച്ചെയാണ് നിര്യാതയാവുന്നത്.

എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശിയാണ് അജിതയുടെ ഭർത്താവ് കാർത്തിക് സെൽവരാജ്. ഏക മകൻ ഈ മാസം രണ്ട് വയസ് പൂർത്തിയാകുന്ന അയാൻ. അജിത യുകെയിലേക്ക് വന്നതിനാൽ കാർത്തിക് മകനുമൊത്ത് നാട്ടിൽ കഴിയുകയായിരുന്നു. എറണാകുളം പള്ളുരുത്തി കാളിയത്ത് കെ.സി ആൻറണിയുടെയും ജെസി ആൻ്റണിയുടെയും മകളാണ് അജിത.. ഗൾഫിൽ ഉള്ള ഒരു സഹോദരനും യുകെയിൽ നേഴ്‌സായ ഒരു സഹോദരിയുമാണ് അജിതയ്ക്കുള്ളത്.

വീഡിയോ കാണാം