കേന്ദ്രമന്ത്രിയും കോണ്ഗ്രസ് പ്രവർത്തകസമിതി അംഗവും 1985 മുതൽ രാജ്യസഭാംഗവും ആയി പതിറ്റാണ്ടുകളുടെ തട്ടകമായിരുന്ന ഡൽഹിയോടു വിടചൊല്ലി എ.കെ. ആന്റണി വ്യാഴാഴ്ച കേരളത്തിലേക്കു താമസം മാറ്റുന്നു. ഭാര്യ എലിബത്തും ആന്റണിക്കൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്കു താമസത്തിനെത്തും.
കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാകുന്നതുവരെയെങ്കിലും വർക്കിംഗ് കമ്മിറ്റിയംഗമായി ആന്റണി തുടരും. നിലവിൽ പാർട്ടി അച്ചടക്കസമിതി തലവനാണ്. കോണ്ഗ്രസ് തലപ്പത്ത് എല്ലാ സമിതികളിലും അംഗമായ ആന്റണി പാർട്ടിയിലെ ഏറ്റവും സ്വീകാര്യനും അഴിമതിരഹിത മുഖവുമാണ്. സജീവരാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്പോഴും കേരളത്തിലെ കോണ്ഗ്രസിനോടൊപ്പം തുടർന്നും പൂർണമനസോടെ ഉണ്ടാകുമെന്ന് ആന്റണി പറഞ്ഞു. തീർത്തും ഒഴിവാക്കാനാകാത്ത കാര്യങ്ങൾക്കു മാത്രമാകും ഇനി ഡൽഹി യാത്ര.
ആരോഗ്യകാരണങ്ങളും ഡൽഹിയിൽ തീവ്ര തണുപ്പും ചൂടും അന്തരീക്ഷ മാലിന്യവും അടക്കമുള്ള കാരണങ്ങൾ നാട്ടിലേക്കു തിരികെ പറിച്ചുനടാൻ 81-കാരനായ ആന്റണിയെ പ്രേരിപ്പിച്ചു. മുഖ്യമന്ത്രിയായും കെപിസിസി അധ്യക്ഷനായും ഏറെ വർഷം നിറഞ്ഞുനിന്ന തിരുവനന്തപുരത്തേക്കുള്ള തിരിച്ചുവരവ് ആന്റണി ഏതാനും വർഷം മുന്പേ തീരുമാനിച്ചിരുന്നു.
രാജ്യസഭയിലേക്ക് ഇനി പരിഗണിക്കേണ്ടതില്ലെന്ന് ഒരു വർഷം മുന്പേ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. ഇതേത്തുടർന്നാണ് ആന്റണിയുടെ ഒഴിവിൽ ജെബി മേത്തർക്കു നറുക്കു വീണത്. ഏപ്രിൽ ആദ്യം രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ആന്റണി വീട് ഒഴിയാനും തന്റെ വീട്ടുസാധനങ്ങൾ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്കു മാറ്റാനുമുള്ള നടപടികൾ പൂർത്തിയാക്കി.
ഇന്ത്യയിൽ ഏറ്റവും നീണ്ടകാലം പ്രതിരോധമന്ത്രിയെന്ന റിക്കാർഡും കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയെന്ന റിക്കാർഡും ആന്റണിക്കാണ്. മൂന്നുതവണ മുഖ്യമന്ത്രിയായ ആന്റണി ഇടക്കാലത്ത് കേന്ദ്ര സിവിൽ സപ്ലൈസ് മന്ത്രിയുമായിരുന്നു.
Leave a Reply