സിനിമയെ വെല്ലുന്നൊരു മോഷണ കഥ. ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയില്‍ ആല്‍ബിന്‍ രാജിനെ (36) തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസ് ശരിക്കും ഞെട്ടിത്തരിച്ചു.

കരുവാറ്റ സഹകരണ ബാങ്കില്‍ നിന്നും നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണ്ണമാണ് ആല്‍ബിന്‍ മോഷ്ടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചായിരുന്നു ബാങ്ക് കവര്‍ച്ച. 63.75 പവന്‍ സ്വര്‍ണമാണ് അല്‍ബിന്‍ കുഴിച്ചിട്ടത്. വീടിനടുത്തു തന്നെ പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. സുഹൃത്ത് ഷൈബുവിന് കൈകളില്‍ സ്വര്‍ണ്ണം വാരിക്കോരി നല്‍കുകയും ചെയ്തു.

ആല്‍ബിനെ കൊണ്ടുവന്ന് കഴിഞ്ഞ് ദിവസമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. പിടികൂടുമ്പോള്‍ 1.85 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. മോഷണ മുതലെല്ലാം കരുതി വെച്ച് ആല്‍ബിന്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.

ഒരു ഏക്കറോളം സ്ഥലത്ത് ആല്‍ബിന്‍ ഇരുനില വീട് ഇതിനകം തന്നെ സ്വന്തമാക്കിയിരുന്നു. പണമിടപാടു സ്ഥാപനത്തില്‍ സ്വര്‍ണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വില്‍ക്കുകയുമായിരുന്നു സ്വര്‍ണ്ണം. ഉരുക്കിയ നിലയിലാണ് സ്വര്‍ണം സ്ഥാപനത്തില്‍ നിന്നു കണ്ടെത്തിയത്.

രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളില്‍ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വര്‍ണക്കടകളില്‍ വിറ്റ 1.1 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തില്‍ വിറ്റ 10 പവന്‍ സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ച 2 പവന്‍ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വര്‍ണം നല്‍കിയെന്നാണ് ആല്‍ബിന്റെ മൊഴി. 1.5 കിലോഗ്രാം സ്വര്‍ണം തൂക്കി നല്‍കിയപ്പോള്‍ കൂടുതല്‍ വേണമെന്നു ഷൈബു തര്‍ക്കിച്ചെന്നും അപ്പോള്‍ ഒരു കൈ നിറയെ സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കിയെന്നുമാണ് ആല്‍ബിന്‍ പറയുന്നത്.

4.83 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ ആല്‍ബിനെയും ഷൈബുവിനെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണം കൂടുതല്‍ ശക്തമാക്കും.