ആലപ്പുഴ ചേർത്തലയിൽ ഒന്നേകാൽ വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ ശ്വാസംമുട്ടിച്ചു കൊന്നത് അമ്മയാണെന്ന് തെളിഞ്ഞു. പട്ടണക്കാട് കൊല്ലംവെള്ളി കോളനിയിൽ ഷാരോണിന്റെ ഭാര്യ ആതിരയുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. കൊലയ്ക്ക് കാരണമെന്താണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ചേർത്തല എഎസ്പി പറഞ്ഞു. രണ്ടു മാസം മുൻപ് ഭർത്താവിന്റെ അമ്മയെ ആക്രമിച്ച കേസിൽ കുഞ്ഞിനൊപ്പം 6 ദിവസം റിമാന്‍ഡില്‍ ആയിരുന്നു ആതിര.
ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് അന്വേഷണം അമ്മയിലേക്ക് തിരിഞ്ഞത്.
കുട്ടിയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ആതിരയെ കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് ഷാരോണിനെയും ഭർതൃ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റംസമ്മതിച്ചത്. ആതിര കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി ഭർതൃ മാതാവ് കുറ്റപ്പെടുത്തി .ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെ കിടപ്പു മുറിയിൽ കുട്ടി ബോധരഹിതയായി കിടക്കുന്നു എന്നകാര്യം അമ്മ ആതിര അയൽവാസികളെ അറിയിക്കുന്നത്. ചേർത്തല ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
മരിച്ച ശേഷം ആശുപത്രിയിലെത്തിച്ചതിനാൽ പോസ്റ്റ്മോർട്ടം വേണമെന്നും മരണത്തിൽ സംശയമുണ്ടെന്നും ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു പട്ടണക്കാട് എസ്ഐ അമൃതരംഗന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി. പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണു കൊലപാതകം സ്ഥിരീകരിക്കപ്പെട്ടത്.
അമ്മയുടെ കൈകൊണ്ടു കൊല്ലപ്പെട്ട ഒന്നേകാൽ വയസ്സുകാരി ആദിഷ 8 മാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിച്ചു. കുടുംബവഴക്കിനെത്തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല. തുടർന്നാണ് ആദിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു.
ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.
നാട്ടുകാരുടെ വാക്കുകളിലും കണ്ണീർനനവ് ‘ആ കുഞ്ഞിനെ കണ്ടാൽ ആരായാലും ഒന്നു നോക്കിപ്പോകും. എന്നിട്ടാണ് പെറ്റ തള്ള തന്നെ ഇങ്ങനെ…’ നാട്ടുകാരുടെ വാക്കുകളിൽ രോഷമാണ്. കൊല്ലംവെളി കോളനിയിലെ അടുത്തടുത്ത വീടുകളിലെല്ലാം ആദിഷ എത്തിയിരുന്നു. നിറഞ്ഞു ചിരിക്കുന്ന കുഞ്ഞിനെക്കുറിച്ചു എല്ലാവർക്കും പറയാനേറെ. പലരുടെയും വാക്കുകളിൽ കണ്ണീർ നനവ്. ഇന്നലെ ഉച്ചയോടെ ആദിഷയുടെ സംസ്കാരം നടത്തിയപ്പോഴും പ്രദേശവാസികൾ എല്ലാമെത്തിയിരുന്നു. അവിശ്വസനീയതയോടെയാണു പലരും കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തിരിച്ചറിഞ്ഞത്.അമ്മ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോൾ ചിലരുടെ രോഷം അണപൊട്ടി. അപ്പോഴും എന്തിനാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നിന്നു.
Leave a Reply