പൂച്ചാക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടം ഇരുട്ടു വീഴ്ത്തിയത് അഞ്ച് കുടുംബങ്ങളിലാണ്. സാമ്പത്തികബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ നാല് പെൺകുട്ടികളാണ് അപകടത്തിൽ പെട്ടത്. രണ്ട് കാലിനും ഒടിവുമായി എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന സാഗിയുടെ പിതാവ് സാബുവിന് പെയിന്റിങ് ജോലിയാണ്. അമ്മ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. സാഗിയുടെ സഹോദരി അഞ്ജന നഴ്സിങ് കോഴ്സ് പൂർത്തിയാക്കി 3 മാസമായി ഹൈദരാബാദിൽ പരിശീലനത്തിലാണ്. സാഗിയുടെ ശസ്ത്രക്രിയയ്ക്കായി 1.5 ലക്ഷത്തോളം രൂപ കടം വാങ്ങിയും സ്വർണം പണയം വച്ചുമാണു കണ്ടെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞു സാഗി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
സാബുവിന്റെ കുടുംബം വീടുവയ്ക്കാനും അഞ്ജനയുടെ പഠനത്തിനും എടുത്ത വായ്പകൾ ബാധ്യതയായി നിൽക്കുകയാണ്. 10 സെന്റ് സ്ഥലം ചേർത്തല കാർഡ് ബാങ്കിൽ 15 വർഷത്തേക്ക് ഇൗടുവച്ചാണ് 2013ൽ വീടുപണിക്ക് 6 ലക്ഷം വായ്പയെടുത്തത്. മാസം 11,000 രൂപ തിരിച്ചടവുണ്ട്. അഞ്ജനയുടെ പഠനത്തിന് പൂച്ചാക്കൽ എസ്ബിഐയിൽനിന്ന് 2 ലക്ഷം രൂപ വായ്പയെടുത്തത് അടുത്തമാസം മുതൽ അടയ്ക്കണം.
എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചന്ദന ചികിത്സയിലുള്ളത്. പിതാവ് പാണാവള്ളി പഞ്ചായത്ത് 16ാം വാർഡിൽ കോണത്തേഴത്ത് ചന്ദ്രബാബു തയ്യൽ തൊഴിലാളിയാണ്. ചന്ദനയുടെ ഇടതു തുടയെല്ലിനു തിങ്കളാഴ്ച ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മാതാവ് ഷീല വീട്ടമ്മയാണ്.
ചികിത്സാച്ചെലവു വഹിക്കാമെന്ന് ആരോഗ്യ വകുപ്പിൽനിന്ന് അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം കാലിന് ഇടാനുള്ള സ്റ്റീൽ റോഡ് നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്നും ചന്ദ്രബാബു പറഞ്ഞു. വീടു വയ്ക്കാനും മൂത്ത 2 പെൺമക്കളുടെ വിവാഹത്തിനുമായി പൂച്ചാക്കൽ സഹകരണ ബാങ്കിൽ നിന്ന് 2013ൽ എടുത്ത 4 ലക്ഷം രൂപ പലിശ ഉൾപ്പെടെ ഇപ്പോൾ 8 ലക്ഷത്തിന്റെ ബാധ്യതയായി. മാസം 11,000 രൂപ തിരിച്ചടയ്ക്കണം. അതിനു പോലും കുടുംബം പ്രയാസത്തിലാണ്. അതിനിടെയാണ് അപകടം.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന അനഘയ്ക്ക് വലതുകാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 2 ലക്ഷത്തോളം രൂപയാണ് ഇതുവരെയുള്ള ചെലവ്. അതിൽ 40,000 രൂപ അടച്ചു. ചെത്തുതൊഴിലാളിയാണ് അച്ഛൻ ചന്ദ്രൻ. ഭാര്യ വൽസല എരമല്ലൂർ ഖാദി സ്പിന്നിങ് മിൽ തൊഴിലാളി. വീടു വയ്ക്കാൻ കടം വാങ്ങിയ 3 ലക്ഷത്തോളം രൂപ ഇപ്പോഴും ബാധ്യതയായി നിൽക്കുന്നു. സ്വർണം പണയം വച്ചും കടം വാങ്ങിയുമാണ് ആശുപത്രി ചെലവുകൾ നടത്തുന്നത്. അനഘയ്ക്ക് ഡോക്ടർമാർ ഒന്നര മാസം വിശ്രമം നിർദേശിച്ചിട്ടുണ്ട്.
കാർ ആദ്യം ഇടിച്ചു വീഴ്ത്തിയ അനീഷും പ്രതിസന്ധിയിലാണ്. വലതുകൈ ഒടിഞ്ഞു. കൽപ്പണിക്കാരനാണ് അനീഷ്. ഇനി മാസങ്ങളോളം ജോലി ചെയ്യാൻ കഴിയില്ല. ഭാര്യ ബിനി പൂച്ചാക്കലിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്നു. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണജോലി തീർന്നിട്ടില്ല. 4 വയസ്സുള്ള മകൻ വേദവിനും അപകടത്തിൽ പരുക്കേറ്റിരുന്നു. അനീഷിന്റെ തണലിലാണ് മാതാവ് ഉൾപ്പെടെയുള്ള കുടുംബം.
മൂന്ന് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചതിനു ശേഷം പാഞ്ഞെത്തിയ കാറാണ് തൈക്കാട്ടുശേരി മുരുക്കുംതറ വീട്ടിൽ അനിരുദ്ധന്റെ മകൾ പി.എസ്.അർച്ചനയെയും ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്ന് തെറിച്ചു റോഡിൽ തലയിടിച്ചുവീണു.കാർ ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഫോണിൽ കണ്ടിരുന്നതായി അർച്ചന പറയുന്നു. കാൽമുട്ടിന്റെ പൊട്ടലിനു ശസ്ത്രക്രിയ നടത്തിയ ശേഷം എറണാകുളം ലൂർദ് ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടാണ് അർച്ചന തൈക്കാട്ടുശേരിയിലെ വീട്ടിലെത്തിയത്.
തലയിടിച്ച് റോഡിൽ വീണതിനെത്തുടർന്ന് തലയ്ക്കും ശരീരത്തിനും ഇപ്പോഴും വേദനയുണ്ട്. തുടർ പരിശോധനയ്ക്കായി അടുത്ത വ്യാഴാഴ്ച ആശുപത്രിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്.3 മാസം വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചത്. സർക്കാൻ നിർദേശമുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ ചെലവുണ്ടായില്ലെന്ന് അനിരുദ്ധൻ പറഞ്ഞു. അനിരുദ്ധന് മേസ്തിരിപ്പണിയാണ്. ഭാര്യ ഷിനിമോൾ കൊച്ചിൻ ഷിപ്‌യാർഡിൽ കരാർ ജോലിക്കാരി. കുടുംബത്തിന് ഒരു ലക്ഷത്തോളം രൂപ കടമുണ്ട്.
അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച വിദ്യാർഥിനികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. ചികിത്സയ്ക്കു ചെലവായ തുക കുടുംബങ്ങൾക്കു തിരികെ നൽകുമെന്ന് ആശുപത്രികളുടെ അധികൃതർ കുട്ടികളുടെ ബന്ധുക്കളെ അറിയിച്ചു.
Leave a Reply