പുന്നപ്ര പറവൂര്‍ സ്വദേശികളായ അക്രമിസംഘത്തിലെ രണ്ടുപേരെ ഡിവൈ.എസ്.പി പി.എം.ബേബിയും സംഘവും കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പറവൂറില്‍ ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്ന് കടലില്‍ കെട്ടിത്താഴ്ത്തിയതായി സൂചന. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിലുള്‍പ്പെട്ട ഒരാളുടെ സഹോദരനെ മനു മുൻപ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്.. ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. പറവൂര്‍ രണ്ടുതൈവെളിയില്‍ മനോഹരന്റെ മകന്‍ മനുവാണ് (കാകന്‍ മനു-27) കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. കഴിഞ്ഞ 19മുതല്‍ ഇയാളെ കാണാതായതായി പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പുറത്തുവന്നത്. എന്നാല്‍, ഇക്കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ 19ന് രാത്രി 10 ഓടെ പറവൂറിലെ ബാറില്‍ മത്സ്യത്തൊഴിലാളികളായ മനുവും നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മനു പുറത്തിറങ്ങിയപ്പോള്‍ ക്രിമിനല്‍ സംഘം പിന്നാലെയെത്തി ഇയാളെ അടിച്ച് വീഴ്ത്തുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ മനുവിനെ സ്കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോയ സംഘം കടലില്‍ കല്ലുകെട്ടിത്താഴ്ത്തിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. പുന്നപ്ര എസ്.ഐ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ സിസി ടിവി കാമറ പരിശോധിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചത്.
ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍, ബൈക്കിന് പിന്നിലിരുത്തികൊണ്ടുപോകും വഴി മനു വഴിയില്‍ ഇറങ്ങിപോയതായാണ് രണ്ടാമന്റെ മൊഴി. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെങ്കിലും മര്‍ദ്ദനത്തിന്റെയും സ്കൂട്ടറില്‍ കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സംഭവം കൊലപാതകമാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍പ്പെട്ട ഒരാളുടെ വീടിന് സമീപം കടലില്‍ താഴ്ത്തിയതായി പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം കണ്ടെത്തിയാലേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ആലപ്പുഴ ഡിവൈ.എസ്.പി പി.എം ബേബി വെളിപ്പെടുത്തി. ഇതിനായി പറവൂരില്‍ ഇന്ന് പൊലീസിന്റെ നേതൃത്വത്തില്‍ കടലില്‍ പരിശോധന നടക്കും.
Leave a Reply