ന്യൂസ് ഡെസ്ക്, മലയാളം യുകെ

മദ്യപാനത്തിൻെറ ദുരുപയോഗം മൂലം ബ്രിട്ടനിൽ ആരോഗ്യ-സാമൂഹിക മേഖലയിൽ പ്രതിവർഷം 27 ബില്യൺ പൗണ്ട് വരെ ചിലവുകൾ ഉണ്ടാകുന്നതായി റിപ്പോർട്ട്. എൻഎച്ച്എസ്, സോഷ്യൽ സർവീസസ്, ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം, ലേബർ മാർക്കറ്റ് എന്നിവയ്ക്ക് നിലവിലെ കണക്കുകൾ അനുസരിച്ചുള്ള ചിലവുകൾ 2003-നെ അപേക്ഷിച്ച് 37% കൂടുതലാണ്. സമാനമായി ക്യാബിനറ്റ് ഓഫീസ് നടത്തിയ ഗവേഷണത്തിൽ മദ്യപാനത്തിൻെറ ദുരുപയോഗം മൂലമുള്ള അധിക ചിലവ് 18.5 ബില്യൺ മുതൽ 20 ബില്യൺ പൗണ്ട് വരെ വരുന്നതായി കണ്ടെത്തി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസ് (IAS) നടത്തിയ പഠനത്തിൽ മദ്യത്തിൻെറ ദുരുപയോഗം മൂലം ആരോഗ്യ സേവന മേഖലയിൽ പ്രതിവർഷം 4.9 ബില്യൺ പൗണ്ടാണ് ചിലവാകുന്നതെന്ന് കണ്ടെത്തി. ഇതിൽ 3 ബില്യൺ പൗണ്ടിലധികവും ആക്സിഡന്റ് ആൻഡ് എമർജൻസി (എ ആൻഡ് ഇ) സന്ദർശനങ്ങളിൽ നിന്നും ആശുപത്രി പ്രവേശനങ്ങളിൽ നിന്നുമാണ്. ഏപ്രിലിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022-ൽ 10,048 പേർ മരിച്ചത് മദ്യപാനം മൂലമുള്ള കാരണങ്ങൾ മൂലമാണ്. 2001 മുതൽ ഉള്ള കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. വിവിധ തരത്തിലുള്ള ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സിറോസിസ്, സ്ട്രോക്ക്, തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് മദ്യപാനം ഒരു കാരണമാണ്.

വ്യക്തികളിലും സമൂഹത്തിലും മദ്യം സ്വാധീനം ചെലുത്തുന്നുണ്ട്. മദ്യത്തിൻെറ ദുരുപയോഗം മൂലം ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് പ്രതിവർഷം 14.6 ബില്യൺ പൗണ്ട് ചിലവാകുന്നുണ്ട്. വ്യക്തികളിലും കുടുംബങ്ങളിലും അമിത മദ്യപാനത്തിൻെറ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിന് സോഷ്യൽ സർവീസസിന് പ്രതിവർഷം ഏകദേശം £3 ബില്യൺ ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.