ഓണം ഓർമ്മകളിലേയ്ക്കുള്ള മടക്കയാത്രയാണെന്ന് പറയുമ്പോൾ, അതിനെ അന്വർത്ഥമാക്കുന്ന ആവേശമാണ്, ആനന്ദമാണ്, ആഘോഷമാണ് “നമ്മുടെ സ്വന്തം ഓൾഡർഷോട്ട്” (N S A) കൂട്ടായ്മയുടെ ഈ വർഷത്തെ ഓണം നൽകിയത്. ശനിയാഴ്ച രാവിലെ മുതൽ ആൾഡർവുഡ് കൾച്ചറൽ സെൻ്ററിൽ വെച്ച് നടന്ന ആഘോഷങ്ങൾ കലാ കായിക മത്സരങ്ങൾ, സ്വാദിഷ്ടമായ ഓണസദ്യ, കലാ സാംസ്കാരിക സന്ധ്യ മുതലായ പരിപാടികളോടെ നടന്നപ്പോൾ എല്ലാവർക്കും ഗൃഹാതുരത്വത്തിൻ്റെയും സന്തോഷത്തിൻ്റെയും നനുത്ത ഓർമകളുടെ ആഘോഷമായി മാറി. ആഘോഷങ്ങളിൽ ഓൾഡർഷോട്ടിലും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള മുന്നൂറ്റിയമ്പതിൽ അധികം മലയാളികൾ പങ്കെടുത്തു. അവരോടൊപ്പം കേരളത്തെയും മലയാളികളെയും ഒത്തിരി ഇഷ്ടപ്പെടുന്ന മറ്റ് ഇന്ത്യക്കാരും സ്വദേശികളും കൂടി പങ്കെടുത്തപ്പോൾ ആഘോഷത്തിന് ഇരട്ടി മധുരം. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങൾ, വടംവലി എന്നിവ നടന്നു.
വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കൂട്ടായ്മയുടെ അംഗങ്ങളായ കുട്ടികൾ നടത്തിയ കലാവിരുന്ന് അതിശയിപ്പിക്കുന്ന പ്രകടനങ്ങൾകൊണ്ട് കാണികളുടെ കണ്ണ് കുളിർപ്പിച്ചു. മുതിർന്നവരും വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ച് സദസ്സിൻ്റെ കൈയ്യടി നേടി. വിവിധ ഇനങ്ങളുടെ അവതരണത്തിലൂടെ നൂറിൽ അധികം കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ നിറഞ്ഞാടി.
ഈ അവസരത്തിൽ വിവിധ ടൂർണമെൻ്റിൽ വിജയിച്ച എൻഎസ്എ സൂപ്പർ കിംഗ്സ് ക്രിക്കറ്റ് ക്ലബ്ബിനെ അനുമോദിച്ചു. അതോടൊപ്പം, എൻഎസ്എയുടെ പുതിയ ഫുട്ബോൾ ക്ലബ്ബിൻ്റെ ജേഴ്സിയും അനാവരണം ചെയ്തു.
മത്സരങ്ങളിലെയും നറുക്കെടുപ്പിലെയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ജിസിഎസ്ഇ, എ ലെവൽ, യൂണിവേഴ്സിറ്റി പരീക്ഷകളിലെ വിജയികളായ വിദ്യാർത്ഥികൾക്ക് അവാർഡുകളും നൽകി ആദരിച്ചു. “നമ്മുടെ സ്വന്തം ഓൾഡർഷോട്ട്” ( എൻഎസ്എ ) കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ക്ലബ്, ഫുട്ബോൾ ക്ലബ്, നൃത്ത വിദ്യാലയം എന്നിവയോടൊപ്പം, നാട്ടിലും ഇവിടെയും അവശത അനുഭവിക്കുന്നവർക്കും രോഗികൾക്കും ആലംബമായി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾകൂടി നടത്തുന്നുണ്ട്.
Leave a Reply