ലണ്ടന്‍: ചത്ത എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആള്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് പാക്ക്ഡ് ഫ്രോസണ്‍ പച്ചക്കറികള്‍ പിന്‍വലിച്ചു. മിക്‌സഡ് പച്ചക്കറി പായ്ക്കറ്റില്‍ നിന്ന് എലിയെ കണ്ടെത്തിയെന്ന പരാതിയേത്തുടര്‍ന്നാണ് ആള്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് പല ശാഖകളില്‍ നിന്നായി 38,000 വരുന്ന ഫ്രോസണ്‍ പച്ചക്കറി ഉത്പ്പന്നങ്ങള്‍ പിന്‍വലിച്ചത്. മക്കള്‍ക്കായി ഭക്ഷണം പാകം ചെയ്യാന്‍ പച്ചക്കറികള്‍ എടുക്കുന്ന സമയത്ത് ഫ്രിഡ്ജില്‍ സുക്ഷിച്ചിരുന്ന പായ്ക്കറ്റില്‍ ചത്ത എലിയെ കണ്ടെത്തുകയായിരുന്നുവെന്ന് പാറ്റ് ബെയിറ്റ്മാന്‍ എന്ന 60കാരി അറിയിച്ചു.

പച്ചക്കറി പായ്ക്കറ്റില്‍ എലിയെ കണ്ടെത്തിയ ഉടനെ തന്നെ തന്റെ ഭര്‍ത്താവിന് ഇക്കാര്യം അറിയിച്ചുവെന്നും ബെയ്റ്റ്മാന്‍ പറയുന്നു. എലിയെ കണ്ടെത്തുന്നതിന് മുന്‍പ് പായ്ക്കറ്റില്‍ ഉണ്ടായിരുന്ന പച്ചക്കറിയുടെ പകുതിയോളം തങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞിരുന്നു. തന്റെ ചെറുമക്കള്‍ക്ക് വരെ ചത്ത എലിയുള്ള പായ്ക്കറ്റിലെ പച്ചക്കറിയാണ് താന്‍ നല്‍കിയതെന്നും മിസ് ബെയ്റ്റ്മാന്‍ പറയുന്നു. കോണ്‍വെല്ലിലെ ലിസ്‌കേര്‍ഡിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഈ പായ്ക്കറ്റ് അവര്‍ തിരിച്ചു നല്‍കി. 30 പൗണ്ട് അടുത്ത പര്‍ച്ചേഴ്‌സില്‍ കിഴിവ് നല്‍കാമെന്ന് സ്ഥാപനം ഉറപ്പു നല്‍കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ഇവരുടെ ഭര്‍ത്താവ് ജര്‍മ്മനിയിലെ ആള്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് ഹെഡ് ഓഫീസില്‍ വിവരമറിയിക്കുകയും 500 പൗണ്ടിന്റെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ വാക്കു നല്‍കുകയും ചെയ്തു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാനായി ബെല്‍ജിയത്തില്‍ നിന്ന ഇറക്കുമതി ചെയ്യുന്ന അഗ്രിഫ്രീസ് ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയതായി ആള്‍ഡി അറിയിച്ചു. അഗ്രിഫ്രീസിന്റെ ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നത് മുഴുവനായും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായും ആള്‍ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.