ലണ്ടന്‍: ക്രിസ്തുമസ് രാത്രിയില്‍ ക്ലോസ് ചെയ്യുമ്പോള്‍ അതുവരെ വിറ്റുപോകാത്ത ഫ്രഷ് ഭക്ഷണ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുമെന്ന് ആള്‍ഡി. ചാരിറ്റികള്‍ക്കു മറ്റ് സമാന സംഘടനകള്‍ക്കും ഇത് കൈമാറാനാണ് പരിപാടി. ക്രിസ്തുമസ് അവധികള്‍ക്കായി ആള്‍ഡി സ്‌റ്റോറുകള്‍ അടക്കുന്ന സമയത്ത് ഈ വിധത്തില്‍ മിച്ചം വരുന്ന സാധനങ്ങള്‍ ശേഖരിക്കണമെന്ന് സന്നദ്ധ സംഘടനകളോട് ആള്‍ഡി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഭക്ഷണം പാഴാകാതിരിക്കാനും ഫുഡ്ബാങ്കുകള്‍ പോലെയുള്ള സംവിധാനങ്ങളെ സഹായിക്കാനുമാണ് ഈ പദ്ധതിയെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്റെ വിശദീകരണം.
ക്രിസ്തുമസ് തലേന്ന് വൈകിട്ട് നാല് മണിക്കാണ് ആള്‍ഡി സ്‌റ്റോറുകള്‍ അടക്കുന്നത്. ഡിസംബര്‍ 27 വരെ സ്‌റ്റോറുകള്‍ക്ക് അവധിയാണ്. അതിനിടയില്‍ ഭക്ഷണസാധങ്ങള്‍ ചീത്തയായിപ്പോകുന്നത് ഒഴിവാക്കുകയും അത് ആവശ്യക്കാര്‍ക്ക് എത്തുമെന്ന് ഉറപ്പു വരുത്താനുമാണ് ഈ നീക്കമെന്ന് അധികൃതര്‍ പറഞ്ഞു. ഇവ നേരിട്ട് എത്തിക്കാന്‍ ആള്‍ഡിക്ക് സാധിക്കില്ല. അതിനാലാണ് ചാരിറ്റികള്‍ ഇവ ശേഖരിക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നത്. ഓരോ സ്‌റ്റോറുകളിലും 20 മുതല്‍ 30 ക്രേറ്റുകളോളം ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ആള്‍ഡിയുടെ നീക്കത്തിന് സോഷ്യല്‍ മീഡിയ വലിയ സ്വീകരണമാണ് ലഭിച്ചത്. മറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളും ഈ രീതി അനുവര്‍ത്തിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ടെസ്‌കോ ഈ വിധത്തില്‍ അധികം വന്ന ഭക്ഷണം ചാരിറ്റികള്‍ക്കും കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും കൈമാറിയിരുന്നു.
Leave a Reply