നാടുകാണി പവിലിയന് സമീപത്തെ പാറക്കെട്ടിൽ നിന്നും വീണ് പരിക്കേറ്റനിലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയേയും തൂങ്ങിമരിച്ചനിലയിൽ യുവാവിനേയും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. ഇതിനിടെ, വാക്കുതർക്കത്തിനിടെ യുവാവ് തന്നെ പാറക്കെ്ടിൽ നിന്നും പിടിച്ചുതള്ളിയെന്നാണ് പെൺകുട്ടി അവശനിലയിൽ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പാറക്കെട്ടിലെ മരത്തിൽ മേലുകാവ് ഇല്ലിക്കൽ (മുരിക്കുങ്കൽ) അലക്‌സി (23)നെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പിന്നീട് പാറക്കെട്ടിന് താഴെ പരിക്കേറ്റനിലയിൽ പെൺകുട്ടിയേയും കണ്ടെത്തിയിരുന്നു. ഇരുവരേയും വ്യാഴാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അലക്‌സിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തെങ്കിലേ സംഭവം പൂർണമായി വെളിപ്പെടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രണയത്തിലായിരുന്ന അലക്‌സും പെൺകുട്ടിയും വ്യാഴാഴ്ച വൈകീട്ട് നാടുകാണിയിൽ എത്തി. വീട്ടുകാർ ഇരുവരുടേയും വിവാഹം നടത്താൻ സമ്മതിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് അലക്‌സ് പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി വിസമ്മതിച്ചതോടെ തർക്കമായി. തർക്കത്തിനിടെ തന്നെ തള്ളി താഴെയിട്ടെന്ന് പെൺകുട്ടി അർധബോധാവസ്ഥയിൽ മൊഴി നൽകിയിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ട് മരിച്ചെന്നുകരുതി അലക്‌സ് അടുത്തുള്ള മരത്തിൽ സ്വന്തം പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിറ്റേദിവസം പോലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടന്നു. നിലവിൽ പെൺകുട്ടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിനുശേഷം അലക്‌സ്, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.
Leave a Reply